തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളുടെ നുണപരിശോധന നടത്തിയ ഡോക്ടർമാരുടെ സാക്ഷി വിസ്താരം നാളത്തെക്ക് മാറ്റി. ഡോക്ടർമാർ ഇന്ന് ഹാജരാകാത്തതിനെ തുടർന്നാണ് നാളേക്ക് മാറ്റിയത്.

ബെംഗളൂരു ഫോറൻസിക് ലാബിലെ ഡോക്ടർമാരായ പ്രവീൺ, കൃഷ്ണവേണി, കന്ദസ്വാമി എന്നിവരെയാണ് ഇന്ന് തിരുവനന്തപുരം സിബിഐ കോടതി വിസ്തരിക്കാനിരുന്നത്. നുണപരിശോധന നടത്തിയ ഡോക്ടർമാരെ വിസ്താരത്തിൽ നിന്നും ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

പ്രതികള്‍ നുണപരിശോധനയിൽ വെളിപ്പെടുത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെയും അറസ്റ്റ് ചെയ്തത്. ഇന്നലെ  സിസ്റ്റർ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിലെ മുൻ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു.

മുൻ കെമിക്കൽ എക്സാമിന‌ർ ആർ ഗീതയും അനലിസ്റ്റ് ചിത്രയുമാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയത്. അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിൽ പുരുഷ ബീജത്തിന്‍റെ അംശം കണ്ടെത്തിയില്ലെന്നും ഇവർ കോടതിയിൽ മൊഴി നൽകി. സിസ്റ്റർ അഭയയുടെ രാസപരിശോധന റിപ്പോർട്ട് തിരുത്തിയ കേസിൽ സിജെഎം കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരാണ് മൊഴി നൽകിയ രണ്ട് സാക്ഷികളും.

1992 ഏപ്രിൽ പത്തിന് തിരുവനന്തപുരം ഫോറൻസിക് ലാബിൽ കൊല്ലപ്പെട്ട അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്ന് കാട്ടി ജോമോൻ പുത്തൻപുരയ്ക്കലാണ് സിജെഎം കോടതിയിൽ ഹർജി നൽകിയിരുന്നത്. 2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്.

വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.