ഭോപ്പാല്‍: മധ്യപ്രദേശില്‍ നായയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയവര്‍ക്കെതിരെ പൊലീസ് കേസ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബാലാജി നഗറില്‍ താമസിക്കുന്നയാളുടെ വളര്‍ത്തു നായ ഒരാളെ കടിച്ചതാണ് സംഭങ്ങളുടെ തുടക്കം. ഇതോടെ വളര്‍ത്തു നായയുടെ ഉടമയും കടിയേറ്റയാളും തമ്മില്‍ വാക്കുത്തര്‍ക്കമുണ്ടായി.

തന്‍റെ നായക്ക് പേവിഷബാധയുടെ ഇഞ്ചക്ഷന്‍ എടുത്തിട്ടുണ്ടെന്നും  പ്രശ്നങ്ങളുണ്ടാകില്ലെന്നും ഉടമ അറിയിച്ചെങ്കിലും കടിയേറ്റയാള്‍ ഇതൊന്നും അംഗീകരിക്കാന്‍ തയാറായില്ല. ഇതിന് ശേഷം തന്‍റെ സുഹൃത്തുകളായ രണ്ട് പേര്‍ക്കൊപ്പം വീട്ടില്‍ അതിക്രമിച്ച കയറിയ കടിയേറ്റയാള്‍ നായയെ ആക്രമിക്കുകയായിരുന്നു.

നായയെ അടിച്ച ശേഷം കഴുത്തില്‍ വയര്‍ ഉപയോഗിച്ച കുരുക്കി കോണിയില്‍ നിന്ന് കെട്ടിത്തൂക്കി. ശ്വാസം മുട്ടിയാണ് നായ ചത്തത്. നായ ശ്വാസം ലഭിക്കാതെ വെപ്രാളം കാട്ടിയപ്പോള്‍ അതിക്രമിച്ച് കയറിയ മൂവരോടും യാചിച്ചെങ്കിലും അവര്‍ വിടാന്‍ കൂട്ടാക്കിയില്ലെന്ന് നായയുടെ ഉടമ സുദേഷ് തിവാരി പറഞ്ഞു.

നായ അവസാനശ്വാസം എടുക്കും വരെ അവര്‍ അവിടെ തന്നെ തുടര്‍ന്നു. ഇതിന് ശേഷം നായയുടെ ജഡവുമായി പോയെന്നും സുദേഷ് പറഞ്ഞു. ഇതിന് ശേഷമാണ് ഉടമ രാത്തിബാദ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. നായയെ കൊന്നവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.