പിടിവീഴാതിരിക്കാൻ പതിവായി വീട് മാറും. ജോലിക്കെത്തി ആദ്യ ദിവസങ്ങളിൽ തന്നെ മോഷണം നടത്തി മുങ്ങും. പിടിയിലായ വീട്ടുജോലിക്കാരിക്കെതിരെ നിലവിലുള്ളത് നിരവധി കേസുകൾ

താനെ: പല സ്ഥലങ്ങളിലെ വീട്ടുജോലിക്കിടെ 38കാരി നടത്തിയത് 50ലേറെ മോഷണങ്ങൾ. മഹാരാഷ്ട്രയിലെ താനെയിലും നവി മുംബൈ മേഖലയിലുമായി 50ലേറെ മോഷണ കേസുകളിൽ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്തു. മുംബൈ ക്രൈം ബ്രാഞ്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വനിത എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആശ ശൈലേന്ദ്ര ഗെയ്വാദ് എന്ന 38കാരിയാണ് ബുധനാഴ്ച അറസ്റ്റിലായത്. ജോലിക്ക് നിന്നിരുന്ന വിവിധ വീടുകളിൽ നിന്നായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും 3.5 വൻതുകയുമാണ് യുവതി മോഷ്ടിച്ചത്.

അവസാനം ജോലി ചെയ്ത തൊഴിലുടമയുടെ വീട്ടിൽ നടന്ന മോഷണത്തേക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് യുവതിയുടെ മറ്റ് മോഷണങ്ങൾ പുറത്ത് വന്നത്. മഹൂലിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ജുഹു, ഖാർ, ബാന്ദ്ര, സാന്താ ക്രൂസ് എന്നിവിടങ്ങളിലായി പന്ത്രണ്ടിലേറെ കേസുകൾ 38കാരിക്കെതിരെ നിലവിലുണ്ട്. ആഡംബര മേഖലയിലെ വീടുകളിൽ നിന്നായിരുന്നു യുവതിയുടെ മോഷണം. ജോലിക്കെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ മോഷണം നടത്തി മുങ്ങി മറ്റ് സ്ഥലങ്ങളിൽ ജോലിക്ക് പോവുന്നതായിരുന്നു ഇവരുടെ രീതി.

അറസ്റ്റ് ഒഴിവാക്കാനും തിരിച്ചറിയാതിരിക്കാനുമായി പതിവായി താമസ സ്ഥലം മാറ്റിയിരുന്ന യുവതിയെ ഏറെ പാടുപെട്ടാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. വാഷി സെക്ടർ 9ലെ 59കാരന്റെ വസതിയിലാണ് ഇവർ ഒടുവിലായി മോഷണം നടത്തിയത്. നാല് ദിവസത്തെ ജോലിക്ക് ശേഷം ഇവർ ജോലിക്ക് വരാതെയായി. പിന്നാലെ നടത്തിയ അന്വേഷണത്തിനിടയിലാണ് വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണവും പണവും കാണാതായെന്ന് വ്യക്തമായതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം