ഇന്ന് പുലർച്ചെ ഒന്നരയോടെ വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്.

തൃശ്ശൂർ: തൃശൂർ വലപ്പാട് ഭാര്യയും മകനെയും കഴുത്തറുത്തു കൊന്നശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. വലപ്പാട് ബീച്ച് സ്വദേശി 24 വയസ്സുകാരി വിസ്മയ, മകൻ ദക്ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിജേഷ് ഗുരുതര പരിക്കുകളുടെ ചികിത്സയിൽ. ഇരട്ടക്കൊലപാതകത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് വിവരം. വിസ്മയയുടെ പതിനെട്ടാം വയസ്സിലായിരുന്നു വിജേഷുമായുള്ള വിവാഹം. ഇരുവർക്കുമടയിൽ പ്രശ്നങ്ങളും വഴക്കും പതിവായിരുന്നു. വിസ്മയയുടെ സുഹൃദ്ബന്ധങ്ങളിൽ വിജേഷിന് എതിർപ്പുണ്ടായിരുന്നു. ഇതിനെ ചൊല്ലി പലതവണ തർക്കങ്ങളുണ്ടായി.

ലോറി ഡ്രൈവറായ വിജേഷ് ഇന്നലെ വൈകുന്നേരത്തോടെയാണ് വലപ്പാട് ബീച്ചിൽ ഉള്ള വിസ്മയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ച് ഇരുവരും മകൻ ദക്ഷിനൊപ്പം കിടന്നുറങ്ങി. പുലർച്ചെ ഒന്നരയോടെ വിസ്മയുടെ നിലവിളികേട്ട് സഹോദരൻ വാതിൽ ചവിട്ടി തുറന്നപ്പോൾ, കഴുത്തിൽ ഗുരുതരമായ പരിക്കുമായി വിസ്മയ വീടിനു പുറത്തേക്ക് ഇറങ്ങിയോടി. ഇവരെ അമ്മയും സഹോദരനും ചേർന്ന് ആശുപത്രിയിൽ എത്തിക്കുന്ന സമയത്താണ് വിജേഷ്, മകൻ ദക്ഷിന്റെ കഴുത്തറക്കുകയും പിന്നാലെ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തത്. പോലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴേക്കും ദക്ഷ് മരണപ്പെട്ടിരുന്നു. കഴുത്തിന് ഗുരുതരമായ പരിക്കുകളോടെ വിജേഷ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.