യുവതിയെ പലതവണ ബലാത്സം​ഗംചെയ്തെന്ന കേസിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേരെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറായ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ കെ കെ അനീഷ്, ക്ലീനറായ വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ വീട്ടിൽ സജിത് എന്നിവരാണ് പിടിയിലായത്.

കോഴിക്കോട്: താമരശ്ശേരിയിലെ കൂട്ടബലാത്സം​ഗക്കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. കാറിൽവെച്ച് ബലാത്സം​ഗത്തിനിരയാപ്പോൾ കാറിൽ നാലുപേർ ഉണ്ടായിരുന്നതായാണ് പരാതിക്കാരി പൊലീസിന് നൽകിയ മൊഴി. രണ്ടുപേരാണ് പീഡിപ്പിച്ചതെന്നും എന്നാൽ, കാറിന്റെ മുൻസീറ്റിൽ രണ്ടുപേർ കൂടി ഇരുന്നിരുന്നതായും 20-കാരി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽപേർ പ്രതികളുണ്ടോ എന്നതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. പീഡനത്തിന് ശേഷം പ്രതികൾ ഭീഷണിപ്പെടുത്തി പണം കവർന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

യുവതിയെ പലതവണ ബലാത്സം​ഗംചെയ്തെന്ന കേസിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേരെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറായ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ കെ കെ അനീഷ്, ക്ലീനറായ വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ വീട്ടിൽ സജിത് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പലതവണകളായി ഇവർ ബലാത്സം​ഗംചെയ്തെന്നാണ് 20-കാരിയുടെ പരാതി. താമരശ്ശേരി ചുരത്തിന് സമീപംവെച്ച് നിർത്തിയിട്ട ബസിനുള്ളിൽവെച്ചും ബലാത്സം​ഗം ചെയ്തതായും പരാതിയിലുണ്ട്.

താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. യുവതിയുടെ കുടുംബവുമായി പ്രതികൾക്ക് പരിചയമുണ്ട്. ഈ പരിചയം മുതലെടുത്താണ് ആദ്യതവണ കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സം​​ഗം ചെയ്തത്. കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പകർത്തി. തുടർന്ന് ഈ ന​ഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണകളായി പീഡനം തുടർന്നത്. സ്വകാര്യ ബസ് നിർത്തിയിടുന്ന താമരശ്ശേരി ചുരത്തിന് സമീപത്തെ സ്ഥലത്തുവെച്ച് ബസിനുള്ളിൽവെച്ചും യുവതിയെ പീഡിപ്പിച്ചു. പീഡനം തുടർന്നതോടെയാണ് യുവതി ആദ്യം കൊടുവള്ളി പൊലീസിലും പിന്നീട് കാക്കൂർ പൊലീസിലും പരാതി നൽകിയത്. സംഭവം നടന്നത് താമരശ്ശേരിയിലായതിനാൽ പരാതി പിന്നീട് താമരശ്ശേരി പൊലീസിന് കൈമാറുകയും പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.