അന്യസംസ്ഥാനങ്ങളില്‍  നിന്ന് സിന്തറ്റിക്  മയക്കുമരുന്നിനത്തില്‍പെട്ട  എം.ഡി.എം.എ, എല്‍.എസ്.ഡി. തുടങ്ങിയവ എത്തുന്നതായി യോദ്ധാവ് എന്ന മൊബൈല്‍ ഫോണില്‍  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേരളത്തിന് പുറത്തു നിന്നും വാങ്ങി വില്‍പ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു എം.ഡി.എം.എ. 

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ ആലപ്പുഴ സൗത്ത് പൊലീസിന്റെയും ജില്ലാ ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെയും പിടിയിലായി. 140 ഗ്രാം എം.ഡി.എം.എ. ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

അന്യസംസ്ഥാനങ്ങളില്‍ നിന്ന് സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എം.ഡി.എം.എ, എല്‍.എസ്.ഡി. തുടങ്ങിയവ എത്തുന്നതായി യോദ്ധാവ് എന്ന മൊബൈല്‍ ഫോണില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേരളത്തിന് പുറത്തു നിന്നും വാങ്ങി വില്‍പ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു എം.ഡി.എം.എ. കാര്‍ത്തികപ്പള്ളി മഹാദേവികാട് വാഗനസ്ഥാനത്ത് ശ്രീമന്ദിരത്തില്‍ അതുല്‍ദേവ് (24), മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളിയും 2021 ല്‍ കലവൂരിൽ 13 ലക്ഷം രൂപ കവര്‍ന്ന പെട്രോള്‍ പമ്പ് മോഷണ കേസിലെ ഒന്നാം പ്രതിയും മയക്കുമരുന്ന്, പിടിച്ചുപറി, അടിപിടികേസുകളിലെ പ്രതിയുമായ മുഹമ്മ പുത്തന്‍ചിറയില്‍ ഉണ്ണി എന്നു വിളിക്കുന്ന ആഷിക്ക് (28) എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആലപ്പുഴ കെ എസ് ആര്‍ ടിസി സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. 2021 ല്‍ 7 മാസം ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയ അതുല്‍ വീണ്ടും മാസങ്ങളായി വന്‍ തോതില്‍ എം.ഡി.എം.എ കച്ചവടം ചെറിയ കുട്ടികളെ ഉപയോഗിച്ചും പെണ്‍കുട്ടികളെ ഉപയോഗിച്ചും നടത്തി വരികയായിരുന്നു. 

പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരിൽ നിന്നും നേരിട്ട് ജില്ലയിലേക്ക് എത്തിച്ചതാണെന്നും ആവശ്യക്കാര്‍ക്ക് ഗ്രാമിന് 3500 രൂപ മുതല്‍ 5000 രൂപ വരെ വിലപറഞ്ഞുറപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും മനസ്സിലായി. 1 ഗ്രാം 2 ഗ്രാം എന്നിങ്ങനെ ചെറിയ പൊതികളാക്കി വില്‍ക്കാറില്ലെന്നും പൊലീസിനോട് പ്രതികള്‍ പറഞ്ഞു. അതുല്‍ മാസത്തില്‍ രണ്ടു മൂന്നു തവണ ബാംഗ്ലൂരിൽ പോയി എം.ഡി.എം.എ നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നു. കഞ്ചാവ് അവശ്യമുള്ളപ്പോള്‍ ആഷിക്കിന്റെ കൈയ്യില്‍ നിന്നും വാങ്ങി വില്‍ക്കാറാണ് അതുല്‍ ചെയ്തിരുന്നത്. ആഷിക്കിന് ആവശ്യമായ എം.ഡി.എം.എ. കൊടുത്തിരുന്നതും അതുലാണ്. ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീം ഇയാളെ മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ആലപ്പുഴ ജില്ലയിലേയ്ക്ക് കടക്കാതെ എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് ആയിരുന്നു ഇടപാടുകള്‍. ആലപ്പുഴ , എറണാകുളം ജില്ലകളിലെ മയക്ക് മരുന്ന് കേസുകളില്‍ പ്രതിയാണ് അതുല്‍. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ 7 ലക്ഷം രൂപ വിലവരും. പ്രതികളെ ഞായറാഴ്ച ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതില്‍ ഹാജരാക്കും.

Read Also: മാവേലിക്കരയിൽ നായ കുറുകെ ചാടി, സൈക്കിൾ ബാലൻസ് തെറ്റി; തറയിൽ വീണ് പരുക്കേറ്റയാൾ മരിച്ചു