അക്രമികൾ കുല്‍ദീപുമായി  മുമ്പും തര്‍ക്കത്തിലേർപ്പെട്ടിരുന്നതായി റോഹ്താഷ് പറഞ്ഞു. 

നോയിഡ: ബിയറിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ പത്ത് രൂപ കൂട്ടി പറഞ്ഞുവെന്ന് ആരോപിച്ച് മദ്യ ലഹരിയിൽ ആയിരുന്ന യുവാവ് സപ്ലൈയറെ വെടിവച്ചുകൊന്നു.​ ഗ്രേറ്റ് നോയിഡയിലെ കസ്‌നയിലെ ഏക്കാര്‍ എന്ന ​ഗ്രാമത്തിലാണ് സംഭവം. ബുലന്ദേശ്വര്‍ സ്വദേശിയായ കുല്‍ദീപ് നഗര്‍ എന്ന 25കാരനാണ് പ്രതി സുരേന്ദ്രയുടെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. 

സംഭവത്തെ പറ്റി കുല്‍ദീപിന്റെ ബന്ധുവും സാക്ഷിയുമായ റോഹ്താഷ് സിംഗ് പറയുന്നതിങ്ങനെ. സംഭവ ദിവസം രാത്രിയില്‍ മദ്യശാലയില്‍ എത്തിയ മൂന്ന് പേര്‍ മദ്യം ആവശ്യപ്പെട്ടു. എന്നാൽ ബിയറിന് 10 രൂപ കൂടുതല്‍ ഈടാക്കിയെന്ന് ആരോപിച്ച് കുല്‍ദീപുമായി അവര്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് സുരേന്ദ്ര തന്റെ പക്കൽ ഉണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിർത്തു.

കൃത്യം നടത്തിയ ശേഷം മൂവരും ഇവിടെ നിന്നും സ്ഥലം കാലിയാക്കി. കുല്‍ദീപിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുവെന്നും റോഹ്താഷ് പറഞ്ഞു. സുരേന്ദ്രയെ കൂടാതെ രാജു ഗുജ്ജാര്‍ എന്ന അക്രമിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികൾ കുല്‍ദീപുമായി മുമ്പും തര്‍ക്കത്തിലേർപ്പെട്ടിരുന്നതായി റോഹ്താഷ് പറഞ്ഞു.