Asianet News MalayalamAsianet News Malayalam

48 മണിക്കൂറുകള്‍ക്കിടെ മദ്യലഹരിയിൽ സംസ്ഥാനത്ത് നാല് കൊലപാതകങ്ങള്‍

ചങ്ങനാശേരിയില്‍ അമ്മയെ മകന് കഴുത്തറുത്ത് കൊന്നപ്പോള്‍ മലപ്പുറത്ത് മകന്‍ തളളിവീഴ്ത്തിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെയാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകം ഉണ്ടായത്. 

Drunkards violence four murders in kerala within 48 hours
Author
Thiruvananthapuram, First Published May 31, 2020, 12:05 PM IST

തിരുവനന്തപുരം‍: സംസ്ഥാനത്ത് വീണ്ടും മദ്യവില്‍പ്പന തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മദ്യലഹരിയില്‍ 48 മണിക്കൂറുകള്‍ക്കിടെ നാല്  കൊലപാതകങ്ങള്‍. ചങ്ങനാശേരിയില്‍ അമ്മയെ മകന് കഴുത്തറുത്ത് കൊന്നപ്പോള്‍ മലപ്പുറത്ത് മകന്‍ തളളിവീഴ്ത്തിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെയാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകം ഉണ്ടായത്. നാല് കേസുകളിലും മദ്യലഹരിയാണ് കൊലപാതകങ്ങളില്‍ കലാശിച്ചത്.

അതിദാരുണമായ സംഭവമാണ് കോട്ടയം ചങ്ങനാശേരിയില്‍ ഉണ്ടായത്. മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകൻ ജിതിൻബാബുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. പ്രതിയായ യുവാവ് സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു. കറി കത്തി ഉപയോ​ഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അടുത്ത വീട്ടിലേക്ക് ഫോണ്‍ വിളിച്ച് വീട്ടിലേക്ക് വരുകയാണെങ്കിൽ ഒരു വിശേഷം കാട്ടി തരാം എന്ന് വിളിച്ച് പറയുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റംസമ്മതിച്ചു.  

ഇന്നലെ രാത്രിയാണ് മലപ്പുറം തിരൂരില്‍ മകന്റെ മര്‍ദനത്തില്‍ പിതാവ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ മകൻ തള്ളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തിരൂർ മുത്തൂർ സ്വദേശി പുളിക്കൽ മുഹമ്മദ് ഹാജി ആണ് മരിച്ചത്. മകൻ അബൂബക്കർ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ അബൂബക്കറിനെ പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ അബൂബക്കർ പിതാവിനെ മർദിക്കുകയും തള്ളിവീഴ്ത്തുകയുമായിരുന്നു. മുഹമ്മദ് ഹാജിയെ നാട്ടുകാർ ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറത്ത് ദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്. 

കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ നാല് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മലപ്പുറം താനൂരിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. തലക്കടത്തൂർ സ്വദേശി ശിഹാബുദ്ധീൻ ആണ് മരിച്ചത്. മദ്യപാനത്തിനാടെ സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. നാല് അം​ഗ സുഹൃത്തുകൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ, മദ്യം വീതം വേക്കുന്നതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്.

മദ്യപിച്ച് വാക്കേറ്റത്തിനിടെ തിരുവനന്തപുരം ബാലരാമപുരത്തെ കൊലപാതകം. ഇന്നലെ രാത്രിയാണ് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ശ്യാമാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് ശ്യാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അന്വേഷണം തുടരുന്നു. മാസങ്ങളായി ശ്യാം വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശ്യാമിനൊപ്പം മദ്യപിച്ച് സുഹൃത്ത് സതി ഒളിവിലാണ്. 

മദ്യലഹരിയില്‍ തമ്മിലടിച്ച് പൊലീസുകാരും

പത്തനംതിട്ട എ ആര്‍ ക്യാമ്പിൽ പൊലീസുകാര്‍ തമ്മിൽ മദ്യപിച്ച് കയ്യാങ്കളിയായി. എസ്.ഐ മര്‍ദിച്ചെന്നാരോപിച്ച് പാചകക്കാരന്‍ ചികിത്സ തേടി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. എസ് പിയുടെ മെസ്സിലെ ജോലിയെ ചൊല്ലിയായിരുന്നു കയ്യാങ്കളി. മൂന്നാര്‍ ദേവികുളത്ത് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ പൊലീസുകാരനുൾപ്പെടെ നാല് പേർക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൊവിഡിന്‍റെ പശ്ചാതലത്തിൽ അടച്ചിട്ടിരുന്ന മദ്യശാലകൾ തുറന്നത് ആഘോഷിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. 

Follow Us:
Download App:
  • android
  • ios