ആലുവ കടുങ്ങല്ലൂർ സ്വദേശി കണ്ണൻ എന്ന രാജ് കുമാർ, കൊട്ടാരക്കര തലക്കാട്ട് വീട്ടിൽ സുനിൽ കുമാർ എന്നിവരാണ് പിടിയിലായത്
കൊല്ലം: കൊട്ടാരക്കര മീൻപിടിപ്പാറയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. മീൻപിടിപ്പാറയിലെ സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് മദ്യപസംഘം എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
സാമൂഹ്യ വിരുദ്ധരുടെയും ലഹരി മാഫിയയുടെയും നേതൃത്വത്തിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പരസ്യമായി ലഹരി പാർട്ടികൾ നടക്കാറുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം സംഭവസ്ഥലത്തെത്തിയത്.
മഫ്തിയിൽ സ്ഥലത്തെത്തിയ എക്സൈസ് സംഘത്തെ കണ്ട മദ്യപസംഘം തിരിച്ചു പോകാൻ ആവശ്യപ്പെട്ടു.
ഭീഷണിപ്പെടുത്തിയിട്ടും പിന്മാറാതെ നിന്ന ഉദ്യോഗസ്ഥരെ സംഘത്തിലെ രണ്ടുപേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സിവിൽ എക്സൈസ് ഓഫീസർമാരായ രജിത് കെ. പിള്ള, അരുൺകുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്.
ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘം അക്രമി സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. ആലുവ കടുങ്ങല്ലൂർ സ്വദേശി കണ്ണൻ എന്ന രാജ് കുമാർ, കൊട്ടാരക്കര തലക്കാട്ട് വീട്ടിൽ സുനിൽ കുമാർ എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്യും
