Asianet News MalayalamAsianet News Malayalam

അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വണ്ടി കയറ്റി കൊന്നു, പ്രതി പിടിയിൽ

ഖനനംചെയ്ത കല്ല് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ നേർക്ക് മാഫിയാസംഘം വാഹനം ഓടിച്ചു കയറ്റുകയായിരുന്നു

DSP crushed to death by Mining mafia in Haryana
Author
Haryana, First Published Jul 19, 2022, 8:51 PM IST

ഹരിയാന: ഹരിയാനയിലെ നൂഹില്‍ അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മാഫിയാ സംഘം വാനിടിച്ച് കൊലപ്പെടുത്തി. തൗറു ഡിഎസ്‍പി ആയ സുരേന്ദ്ര സിംഗ് ബിഷ്‌ണോയ് ആണ് കൊല്ലപ്പെട്ടത്. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സംഭവം. വാഹനം ഇടിച്ചുകയറ്റി ഡിഎസ്‍പിയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് പിടികൂടി

ഖനനംചെയ്ത കല്ല് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ മേലേക്ക് മാഫിയാ സംഘം വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഡിഎസ്‍പി സുരേന്ദ്ര സിംഗ് ബിഷ്‌ണോയ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അനധികൃത ഖനനം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. ഈ സമയം ഖനനം ചെയ്‌തെടുത്ത ലോഡുമായി വാഹനം പോകാന്‍ തുടങ്ങുകയായിരുന്നു. നിര്‍ത്താനായി ഉദ്യോഗസ്ഥന്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ അതിവേഗത്തില്‍ സുരേന്ദ്ര സിംഗിന് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പൊലീസ് ഏറ്റുമുട്ടലിനൊടുവിൽ പിടികൂടി. വെടിവയ്പ്പിൽ പരിക്കേറ്റ ഇയാൾ നിലവിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട സുരേന്ദ്ര സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ഹരിയാന സർക്കാർ  സഹായധനം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി പറഞ്ഞു. അനധികൃത ഖനന മാഫിയയുടെ വിളയാട്ട് ഭൂമിയാണ് ഹരിയാനയിലെ നൂഹ്. പൊലീസിനെതിരെ ആക്രമണവും പതിവാണ്. പ്രതിവർഷം ശരാശരി, 50 കേസുകളെങ്കിലും ഇവിടെ ഇത്തരത്തിൽ റിപ്പോ‍ർട്ട് ചെയ്യപ്പെടുന്നുണ്ട്. 

ഹരിയാന പൊലീസിൽ സബ് ഇൻസ്പെക്ടറായി 1994ൽ ആണ് സുരേന്ദ്ര സിംഗ് ജോലിയിൽ പ്രവേശിച്ചത്. ഹിസാറിലെ സാരംഗ്‍പൂർ സ്വദേശിയായ സിംഗ് കുടുംബത്തോടൊപ്പം നിലവിൽ കുരുക്ഷേത്രയിലാണ് താമസിക്കുന്നത്. വിരമിക്കാൻ നാല് മാസം കൂടി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

Follow Us:
Download App:
  • android
  • ios