Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടില്‍ വീണ്ടും ജാതിക്കൊലപാതകം; ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു

പ്രദേശത്ത് പിന്നാക്കവിഭാഗകാര്‍ക്ക് എതിരെ ആക്രമണം പതിവായിരുന്നെന്നും ജാതി വിദ്വേഷമാണ് കൊലയ്ക്ക് കാരണമെന്നും അശോകിന്‍റെ കുടുംബം പറയുന്നു. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് അശോകിന്‍റെ ബന്ധുക്കളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മധുര തിരുനെല്‍വേലി ദേശീയ പാത ഉപരോധിച്ചു

DYFI leader killed in tamilnadu
Author
Tirunelveli, First Published Jun 14, 2019, 1:19 AM IST

മധുര: തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ജാതി വിദ്വേഷത്തിന്‍റെ പേരില്‍ കൊലപാതകമെന്ന് ആരോപണം. പട്ടികജാതിക്കാരനായ ഡിവൈഎഫ്ഐ നേതാവ് അശോകിനെയാണ് ഒരു സംഘം വെട്ടികൊലപ്പെടുത്തിയത്. പ്രതികള്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് അശോകിന്‍റെ ബന്ധുക്കള്‍ മധുര ദേശീയപാത ഉപരോധിച്ചു. രണ്ടാഴ്ച്ച മുമ്പ് അശോകും തിരുനെല്‍വേലിയിലെ ഒരു സംഘം യുവാക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ക്ഷീരകര്‍ഷകയായ അശോകിന്‍റെ മാതാവ്, പുല്ലു ചെത്തി അശോകിനൊപ്പം ബൈക്കില്‍ കൊണ്ടുവരുന്നതിനിടയില്‍, പുല്ലുക്കെട്ട് യുവാക്കളുടെ ദേഹത്ത് തട്ടി. ക്ഷുഭിതരായ യുവാക്കള്‍ അശോകിനെയും മാതാവിനെയും വഴിയില്‍ തടഞ്ഞുവച്ച് കയര്‍ത്തു. പട്ടികജാതി പട്ടികവര്‍ഗ ആക്ട് അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുനെല്‍വേലി പൊലീസില്‍ അശോക് പരാതി നല്‍കിയിലെങ്കിലും നിസാരവകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിന് ഇടയിലാണ് അശോകിനെ റെയില്‍വേട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പ്രദേശത്ത് പിന്നാക്കവിഭാഗകാര്‍ക്ക് എതിരെ ആക്രമണം പതിവായിരുന്നെന്നും ജാതി വിദ്വേഷമാണ് കൊലയ്ക്ക് കാരണമെന്നും അശോകിന്‍റെ കുടുംബം പറയുന്നു. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് അശോകിന്‍റെ ബന്ധുക്കളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മധുര തിരുനെല്‍വേലി ദേശീയ പാത ഉപരോധിച്ചു. തിരുനെല്‍വേലി പൊലീസ് കമ്മീഷണര്‍ എന്‍.ഭാസ്കരന്‍ അടക്കം സ്ഥലത്തെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തിരുനെല്‍വേലി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. തിരുനെല്‍വേലി ഡിവൈഎഫ്ഐ ജില്ല ട്രഷററാണ് അശോക്. 
 

Follow Us:
Download App:
  • android
  • ios