തിരുവനന്തപുരം: തിരുവനന്തപുരം കരിമഠം കോളനിയിൽ സംഘർഷം. കോളനിയിലെ തന്നെ താമസക്കാരായ യൂത്ത് കോൺഗ്രസ് , ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ രാത്രി വൈകി ഏറ്റുമുട്ടുകയായിരുന്നു. കോളനിക്കുള്ളിലൂടെ ബൈക്ക് റെയ്സിംഗ് നടത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഘർഷത്തിൽ ഒരു പൊലീസുകാരനും ഇരു വിഭാഗത്തിലെയും പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ഫോർട്ട് പൊലീസ് സംഭവത്തിൽ കേസെടുത്തു. അതേസമയം, വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാകകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെയുള്ള ആരോപണം സിപിഎം ശക്തമാക്കുകയാണ്. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ എംപി അടൂർ പ്രകാശിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സിപിഎം.

രണ്ട് പേരെ കൊലപ്പെടുത്തുമെന്ന് അടൂർ പ്രകാശിന് അറിയാമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ആരോപിച്ചു. എന്നിട്ടും അത് തടയാൻ അടൂർ പ്രകാശ് ഒന്നും ചെയ്തില്ല. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും കൊല്ലപ്പെട്ടവരെ കെപിസിസി അധ്യക്ഷൻ ഗുണ്ടകളായി ചിത്രീകരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

ഒരു തരത്തിലും ഇത് ന്യായീകരിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. എന്നാല്‍,  സിപിഎം തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുകയാണെന്നാണ് അടൂര്‍ പ്രകാശിന്‍റെ വാദം. വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ എസ്‌പിക്കെതിരെയും അടൂർ പ്രകാശ് എംപി രംഗത്ത് വന്നു.

എസ്‌പിയുടേത് അഴിമതി നിറഞ്ഞ ട്രാക്കാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കണം. ഡിവൈഎസ്‌പിയായിരുന്നപ്പോൾ ഇദ്ദേഹത്തെ തരംതാഴ്ത്തിയതാണെന്നും എംപി പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ എസ്‌പി നേരിട്ടാണ് ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫൈസൽ വധശ്രമക്കേസിൽ ഇടപെട്ടെന്ന ആരോപണവും അടൂർ പ്രകാശ് നിഷേധിച്ചു.