തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനാര്‍ത്ഥി കൊല്ലപ്പെടുന്നത്. വെടിയുതിര്‍ത്തയാളെ സുരക്ഷാ സംഘം വെടിവച്ചുവീഴ്ത്തി.

ക്വില്‍റ്റോ: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇക്വഡോറില്‍ സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ദേശീയ അസംബ്ലി അംഗമായ ഫെർണാണ്ടോ വില്ലവിസെൻസിയോയാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. ഫെർണാണ്ടോ വില്ലവിസെൻസിയോയുടെ തലയ്ക്കാണ് വെടിയേറ്റത്. ക്വില്‍റ്റോയില്‍ തെരഞ്ഞെടുപ്പ് പരിപാടികള്‍ പുരോഗമിക്കുന്നതിനിടയ്ക്കാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്‍റ് ഗ്വില്ലര്‍മോ ലാസോ പ്രതികരിച്ചു.

Scroll to load tweet…

റാലിക്ക് ശേഷം കാറിലേക്ക് കയറുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. മൂന്ന് തവണയാണ് 59കാരനായ ഫെർണാണ്ടോ വില്ലവിസെൻസിയോയ്ക്ക് വെടിയേറ്റതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനാര്‍ത്ഥി കൊല്ലപ്പെടുന്നത്. വെടിയുതിര്‍ത്തയാളെ സുരക്ഷാ സംഘം വെടിവച്ചുവീഴ്ത്തി. വെടിവയ്പില്‍ 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും രണ്ട് പൊലീസുകാരും പരിക്കേറ്റവരിലുണ്ട്.

ആസൂത്രിത കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും ശക്തമായ നിയമം ഇത് തടയാനായി സ്വീകരിക്കുമെന്നു ഗ്വില്ലര്‍മോ ലാസോ പ്രതികരിച്ചു. ലഹരിമരുന്ന സംഘങ്ങളുടെ സാന്നിധ്യം വര്‍ധിച്ചതിന് പിന്നാലെ ഇക്വഡോറില്‍ അക്രമ സംഭവങ്ങള്‍ അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകങ്ങള്‍ വര്‍ധിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം ഇക്വഡോറിലെ മൂന്ന് പ്രവിശ്യകളില്‍ പ്രസിഡന്‍റെ കര്‍ഫ്യൂവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ അഴിമതിയ്ക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തിയ വ്യക്തിയാണ് ഫെർണാണ്ടോ വില്ലവിസെൻസിയോ. മാധ്യമ പ്രവര്‍ത്തകനായാണ് ഫെർണാണ്ടോ വില്ലവിസെൻസിയോ കരിയര്‍ ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച തനിക്ക് ഒരു ലഹരി കടത്തുകാരില്‍ നിന്ന് വധ ഭീഷണിയുള്ളതായി ഫെർണാണ്ടോ വില്ലവിസെൻസിയോ വിശദമാക്കിയിരുന്നു. 59കാരനായ ഫെർണാണ്ടോ വില്ലവിസെൻസിയോയ്ക്ക് അഞ്ച് മക്കളാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം