കാണ്‍പുര്‍: ഉത്തർപ്രദേശിലെ കാൺപൂരിൽ ലൈംഗികാതിക്രമത്തിന് ഇരയായ പതിമൂന്നുകാരിയുടെ അമ്മയെ അടിച്ച് കൊന്ന കേസിലെ എട്ട് പ്രതികള്‍ അറസ്റ്റിലായതായി പൊലീസ്. ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗാണ് പ്രതികള്‍ അറസ്റ്റിലായതായി സ്ഥിരീകരിച്ചത്. നേരത്തെ, കേസിലെ മൂന്ന് പ്രതികളാണ് പിടിയിലായതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

ലൈംഗികാതിക്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികൾ പരാതി നല്‍കിയതിന് പ്രതികാരമായാണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയെ പ്രതികൾ മർദ്ദിക്കുന്ന മൊബൈൽ ഫോൺ ദൃശ്യം പുറത്തു വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 2018ലാണ് പതിമൂന്നുകാരിക്കെതിരായ ലൈംഗിക അതിക്രമം ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയത്.

ജാമ്യത്തിലിറങ്ങിയ പ്രതികൾ മറ്റ് രണ്ട് പേർക്കൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തി കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, കേസിൽ നിന്ന് പിന്നോട്ടില്ലെന്ന് അമ്മ നിലപാടെടുത്തതോടെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ അമ്മ കാൺപൂരിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ഒരു ബന്ധു  ഇപ്പോഴും ചികിത്സയിലാണ്. അതേസമയം, കേസ് അന്വേഷണത്തിൽ പൊലീസ് വീഴ്ച്ച വരുത്തിയതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് എട്ട് പ്രതികള്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചിരിക്കുന്നത്.