ചെന്നൈ: രാഷ്ട്രീയ സ്വയംസേവക് സംഘം(ആര്‍എസ്എസ്) സൈദ്ധാന്തികനും തുഗ്ലക് വാരികയുടെ എഡിറ്ററുമായ എസ് ഗുരുമൂര്‍ത്തിയുടെ വീടിന് നേരെ ആക്രമണ ശ്രമം. സംഭവത്തില്‍ എട്ടുപേര്‍ പിടിയിലായതായി പൊലീസ് പറഞ്ഞു. ബൈക്കുകളിലെത്തിയ സംഘം വീടിന് നേരെ പെട്രോള്‍ ബോംബ് എറിയാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ പൊലീസ് സുരക്ഷ കണ്ടതോടെ ശ്രമം ഉപേക്ഷിച്ചു. ശശികുമാര്‍, ജനാര്‍ധനന്‍, ബാലു, തമിഴ്, പ്രശാന്ത്, ശക്തി, ദീപന്‍, വാസുദേവന്‍ എന്നിവരാണ് പിടിയിലായത്. സംശാസ്പദമായ സാഹചര്യത്തില്‍ ഗുരുമൂര്‍ത്തിയുടെ വീടിന് സമീപം രണ്ട് പേര്‍ ചുറ്റുന്നത് കണ്ട വളര്‍ത്തുനായ കുരച്ചതോടെയാണ് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

വുഡ്‍ലാന്‍ഡ് ഹോട്ടല്‍, സത്യം തിയറ്റേഴ്സ് പെട്രോള്‍ ബോംബ് ആക്രമണക്കേസില്‍ പ്രതിയാണ് ശശികുമാറെന്ന് പൊലീസ് പറഞ്ഞു. 2013ല്‍ തനിക്ക് ഫക്രുദ്ദീന്‍ എന്നൊരാളില്‍ നിന്ന് വധഭീഷണിയുണ്ടായെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ തന്നെ വെടിവെക്കുന്നതിന് മുമ്പാണ് പിടിയിലായതെന്നും ഗുരുമൂര്‍ത്തി ട്വീറ്റ് ചെയ്തു. അയാള്‍ തന്‍റെ വീടും ഓഫിസും പരിശോധിച്ചിട്ടുണ്ടായിരുന്നു. തനിക്ക് നിര്‍ബന്ധമായും ഗണ്‍മാന്‍ സുരക്ഷ വേണമെന്നും വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു. തങ്ങളുടെ ജീവിത ശൈലി പ്രകാരം വീട്ടില്‍ പട്ടികളെ വളര്‍ത്താറില്ലെന്നും ഗുരുമൂര്‍ത്തി ട്വീറ്റ് ചെയ്തു.

തന്‍റെ ദീര്‍ഘകാലത്തെ സുഹൃത്താണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം നായയെ അയച്ചത്. ഭീഷണിയുണ്ടെന്നും സൂക്ഷിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിര്‍ദേശം നല്‍കിയിരുന്നു. എന്നെ വധിക്കാനെത്തുന്നവര്‍ കൂടുതല്‍ പരിശീലനം നേടി ധൈര്യം സംഭരിക്കേണ്ടതുണ്ടെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.