Asianet News MalayalamAsianet News Malayalam

ഗുജറാത്ത് തീരത്തെ ലഹരി വേട്ട: അഞ്ച് അഫ്ഗാൻ പൗരന്മാരടക്കം എട്ടുപേർ അറസ്റ്റിലായെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം

സംഭവത്തിന് പിന്നാലെ ദില്ലിയിൽ നിന്ന് 16 കിലോ ഹെറോയിനും നോയിഡയിൽ നിന്നും 23 കിലോ ലഹരിപദാർത്ഥങ്ങളും കണ്ടെത്തി. നോയിഡയിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്നും ഹെറോയിനുമെന്ന് നിഗമനം. 

Eight people including five Afghan nationals arrested in  Heroin seized off Gujarat coast
Author
Gujarat, First Published Sep 22, 2021, 11:11 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ (Gujarat) തുറമുഖത്ത് നിന്ന് 21000 കോടി വിലവരുന്ന മയക്കുമരുന്ന്  (Heroin seized ) പിടിച്ച സംഭവത്തിൽ  അഞ്ച് അഫ്ഗാൻ  പൗരന്മാർ (Afghan nationals) അടക്കം എട്ടു പേർ ഇതുവരെ അറസ്റ്റിലായി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.  അറസ്റ്റിലായവരിൽ മൂന്ന് ഇന്ത്യക്കാരും ഒരു ഉസ്ബക്കിസ്ഥാൻ പൗരനുമുണ്ട്. 

സംഭവത്തിന് പിന്നാലെ ദില്ലിയിൽ നിന്ന് 16 കിലോ ഹെറോയിനും നോയിഡയിൽ നിന്നും 23 കിലോ ലഹരിപദാർത്ഥങ്ങളും കണ്ടെത്തി. നോയിഡയിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്നും ഹെറോയിനുമെന്ന് നിഗമനം. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ആഴ്ച ഗുജറാത്ത്  ഖച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നടന്നത്. 

രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ്  പിടിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താനാണ് ലഹരി കടത്തെന്നാണ് സൂചന. ഡിആർഐയ്ക്കൊപ്പം ഇഡിയും അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. റോ അടക്കം ഏജൻസികളും സമാന്തരമായി അന്വേഷിക്കുന്നുണ്ട്.  എന്നാൽ പതിവ് പരിശോധനയിലാണ് കണ്ടെയ്നറുകളിൽ ലഹരി മരുന്നാണെന്ന് കണ്ടെത്തിയത്. അതായത് മുൻകൂട്ടിയുള്ള വിവരം ഏജൻസികൾക്ക് ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ.  

സംഭവത്തിന് പിന്നാലെ കോൺഗ്രസ് ആരോപണവുമായി രംഗത്തുണ്ട്. ഇതുപോലെ എത്ര കണ്ടെയ്നറുകൾ വന്ന് പോയിക്കാണുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. ഭീകരർ ഗുജറാത്ത് തീരം ഉപോയഗിക്കുന്നതായി സംശയിക്കണമെന്ന് മുൻപ് നടന്ന ചില ലഹരി വേട്ട കൂടി ഓർമിപ്പിച്ച്കൊണ്ട് ഖേര മാധ്യമങ്ങളോട് പറഞ്ഞു. 

അറസ്റ്റിലായ തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ കമ്പനിയിലേക്കുള്ള ടാൽകം പൗഡറെന്നാണ് രേഖകളിലുണ്ടായിരുന്നത്. അതേസമയം മുന്ദ്ര തുറമുഖ നടത്തിപ്പുകാരാണെങ്കിലും കണ്ടെയ്നറുകളിലുള്ള സാധനങ്ങളിൽ ഉത്തരവാദിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ചിലർ കമ്പനിയെ സംശയ നിഴലിലാക്കാൻ ശ്രമിക്കുകയാണെന്ന് അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Follow Us:
Download App:
  • android
  • ios