ബെംഗളൂരു: കർണാടകയിലെ കര്‍ബുര്‍ഗിയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. കല്‍ബുര്‍ഗിയിലെ സുലേപേട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ യാകപുര ​ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് ‌സംഭവം. കേസില്‍ മുപ്പത്തിയഞ്ചുകാരനായ യെല്ലപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് നാടിനെ ‌ഞെട്ടിക്കുന്ന മറ്റൊരു വാർത്ത പുറത്തുവരുന്നത്.

സംഭവം നടന്ന ദിവസം വൈകിട്ട് ആറുമണി കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിലെത്തിയിരുന്നില്ല. ഇതിനെ തുടർന്ന് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ​ഗ്രാമം മുഴുവനും പെൺകുട്ടിക്കായി തെരച്ചിൽ നടത്തി. പെൺകുട്ടിയെ യെല്ലപ്പയോടൊപ്പം കണ്ടതായി നാട്ടുകാരിൽ ചിലർ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതിനിടെ മകളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഒടുവിൽ‌ രാത്രി പത്തരയോടെ പെൺകുട്ടിയുടെ മൃതദേഹം ചിഞ്ചോളി താലൂക്കിലെ കനാലിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ്. തുടർന്ന് 
മൃതദേഹം കനാലില്‍ ഉപേക്ഷിച്ച് പ്രതി സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിക്കെതിരെ ബലാത്സം​ഗത്തിനും കൊലകുറ്റത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.