കൊൽക്കത്ത: പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചുമുറിച്ച് വയോധിക അതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. ബംഗാളിലെ സിലിഗുഡിക്ക് സമീപം ജല്‍പായ്ഗുഡിയിലാണ് സംഭവം. യുവാവിന്റെ കരച്ചിൽ കേട്ട് ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു.

ജനതാ കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച രാത്രിയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. റോക്കു മുഹമ്മദ്, ഛോട്ടു മുഹമ്മദ് എന്നിവരാണ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 

പ്രതികൾ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ഇവർ വിവരം മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചു. പീഡന ശ്രമം പ്രതിരോധിച്ചപ്പോൾ പ്രതികൾ ഇവരെ മർദിച്ചു. താഴെ വീണ ഇവരെ നിലവിളിക്കുന്നതിൽ നിന്ന് റോക്കി തടഞ്ഞു. ഇതിനിടെയാണ് ഇവർ റോക്കിയുടെ നാവ് കടിച്ചു മുറിച്ചതെന്ന് പൊലീസ് പറയുന്നു. വേദനകൊണ്ട് റോക്കി ഉറക്കെ കരഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ഛോട്ടു സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

മുറിഞ്ഞ നാവുമായി റോക്കി മുഹമ്മജ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കൂട്ടിയോജിപ്പിക്കാനാകില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.