പാറക്കടവ് സ്വദേശി സനാജ് സലാം എന്ന ഇരുപത്തിനാലുകാരനാണ് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയിൽ നിർമാണം നടക്കുന്ന വീടുകളിൽ നിന്ന് വയറിങ്ങ് സാമഗ്രികൾ മോഷ്ടിക്കുന്ന സംഘത്തിലെ ഒരാൾ കോടതിയിൽ കീഴടങ്ങി. കേസിൽ പ്രായ പൂർത്തിയാകാത്ത ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
പാറക്കടവ് സ്വദേശി സനാജ് സലാം എന്ന ഇരുപത്തിനാലുകാരനാണ് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പാറക്കടവ് ഓരായത്തിൽ അഹദ് ഫൈസലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുപത്തി രണ്ടു വയസു മാത്രമാണ് ഫൈസലിന്റെ പ്രായം.
ഒരാഴ്ച മുന്‍പ് രാത്രിയാണ് കപ്പാട് നെല്ലിയാനിയിൽ ജോജി സെബാസ്റ്റ്യൻ, മൂന്നാം മൈൽ വട്ടവയലിൽ ജോസഫ് ജോസഫ് എന്നിവരുടെ നിർമിച്ചു കൊണ്ടിരുന്ന വീടുകളിൽ മോഷണം നടന്നത്. ഭിത്തിക്കുള്ളിൽ വലിച്ചിരുന്ന വയറുകൾ ഊരിയും മുറിച്ചുമാണ് മോഷ്ടിച്ചു കൊണ്ടുപോയത്. നിര്‍മാണത്തിനു ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും മോഷണം പോയിരുന്നു. മേയ് മൂന്നിന് സമാന രീതിയിൽ ആനക്കല്ല്- തമ്പലക്കാട് റോഡിൽ മനന്താനത്ത് പി.എം. നാസറിന്റെ മകൻ ഹൻസൽ. പി.നാസർ നിർമിച്ചു കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും വയറിങ് സാധനങ്ങള്‍ മോഷ്ടിച്ചത് ഇവരായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
ആക്രി കച്ചവടത്തിന്റെ മറവിൽ നിർമാണം നടക്കുന്ന വീടുകൾ മുൻകൂട്ടി കണ്ടു വച്ച ശേഷം രാത്രി കാലങ്ങളിൽ എത്തി മോഷണം നടത്തുകയാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു. മോഷണം നടന്ന സ്ഥലങ്ങളിലും, ആക്രിക്കടകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണു മോഷ്ടാവ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി സംഘത്തിലുണ്ട് എന്നും ഇയാളെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു.റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
