വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലെത്തിയപ്പോള്‍ കണ്ട ചെരിഞ്ഞ ആനയുടെ കൊമ്പെന്നാണ് പ്രതികളുടെ മൊഴി.

കൊല്ലം: അച്ചന്‍കോവില്‍ വനമേഖലയില്‍ ചാക്കില്‍കെട്ടിയ ആനക്കൊമ്പ് കണ്ടെത്തിയ കേസില്‍ അഞ്ചുപേര്‍ പിടിയില്‍. വനവിഭവങ്ങള്‍ ശേഖരിക്കുന്ന സംഘത്തില്‍പ്പെട്ട ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പ്രദേശവാസികളായ പ്രസാദ്, ശ്രീജിത്ത്, ശരത്, അനീഷ്, കുഞ്ഞുമോന്‍ എന്നിവരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

ബുധനാഴ്ചയാണ് അച്ചന്‍കോവിലാറിന്റെ തീരത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ആനക്കൊമ്പ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിലുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. ആദ്യം പിടികൂടിയ ശരത്തിനെ വിശദമായി ചോദ്യം ചെയ്തതോടെ മറ്റു പ്രതികളും വലയിലായി. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലെത്തിയപ്പോള്‍ കണ്ട ചെരിഞ്ഞ ആനയുടെ കൊമ്പെന്നാണ് പ്രതികളുടെ മൊഴി. കൊമ്പുകള്‍ പ്രതികളിലൊരാളായ പ്രസാദ് വീട്ടില്‍ സൂക്ഷിച്ചു. വനംവകുപ്പ് അന്വേഷണം തുടങ്ങിയതോടെ കൊമ്പ് ഉപേക്ഷിക്കുന്നതിനായി ശരത്തിനെ ഏല്‍പ്പിച്ചു. ഇതില്‍ ഒരെണ്ണം അച്ചന്‍കോവില്‍ തീരത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു. വീട്ടില്‍ സൂക്ഷിച്ച മറ്റൊരു കൊമ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ
കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. ചെരിഞ്ഞ ആനയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് ശ്രമമെന്നും പൊലീസ് പറഞ്ഞു.


ഇടുക്കിയില്‍ ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയില്‍

ഇടുക്കി: വില്‍പ്പനക്കെത്തിച്ച രണ്ട് ആനക്കൊമ്പുകളുമായി രണ്ടു പേരെ പരുന്തുംപാറയില്‍ നിന്നും വനംവകുപ്പ് പിടികൂടി. തിരുവനന്തപുരം വിതുര സ്വദേശി ഉഷസ് ഭവനില്‍ ശ്രീജിത്ത്, പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. വനംവകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. 

പീരുമേട് ഭാഗത്ത് രണ്ട് ആനക്കൊമ്പുകളുടെ കച്ചവടം നടക്കാന്‍ സാധ്യതയുള്ളതായാണ് വനംവകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒരടിയോളം നീളവും രണ്ടുകിലോയോളം തൂക്കവുമുള്ളതാണ് പിടിയിലായ കൊമ്പുകളെന്ന് കോട്ടയം ഡിഎഫ്ഒ പറഞ്ഞു. വനംവകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിനൊപ്പം മുണ്ടക്കയം ഫ്‌ളയിംഗ് സ്‌ക്വാഡ്, മുറിഞ്ഞ പുഴ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. വനത്തില്‍ നിന്നും ആനക്കൊമ്പ് ശേഖരിച്ചയാളെക്കുറിച്ച് വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. കച്ചവടത്തിന് ഇടനില നിന്നയാളുകളെയും ഉടന്‍ പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു.

ഓൺലൈനിലൂടെ വില കൂടിയ വാച്ച് വാങ്ങിയ ശേഷം തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

YouTube video player