Asianet News MalayalamAsianet News Malayalam

ഝാർഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം; പതിനൊന്നുപേര്‍ അറസ്റ്റില്‍

സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്രിസിനെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു

eleven people arrested in connection with Jharkhand Mob Killing
Author
Ranchi, First Published Jun 25, 2019, 9:42 AM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു‍. യുവാവിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചു. ജൂണ്‍ 18നാണ് തബ്രിസ് അന്‍സാരി എന്ന യുവാവിനെ ഖാര്‍സ്വാനില്‍ ഒരുസംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. 

സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്രിസിനെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു. മരത്തില്‍കെട്ടിയിട്ട തബ്രിസിനോട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ ആള്‍ക്കൂട്ടം ആവശ്യപ്പെടുകയും ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് തബ്രീസ് അബോധാവസ്ഥയില്‍ ആയപ്പോളാണ് ആള്‍ക്കൂട്ടം യുവാവിനെ പൊലീസിന് കൈമാറിയത്.

പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലെത്തിച്ച തബ്രിസ് നാല് ദിവസത്തിന് ശേഷം മരിച്ചു.  കസ്റ്റഡിയില്‍വച്ച് തബ്രിസിനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് തബ്രിസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലെത്തും മുമ്പേ തബ്രിസ് മരിച്ചിരുന്നതായും അവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios