അഹമ്മദാബാദ്: വീട്ടുജോലികൾ കൃത്യമായി ചെയ്തില്ലെന്ന കാരണം പറഞ്ഞ് വീട്ടുജോലിക്കാരിയെ വീട്ടുടമ കത്തി കൊണ്ട് ആക്രമിച്ചു. അഹമ്മദാബാദിലാണ് 25 കാരിയായ വീട്ടുജോലിക്കാരിക്ക് കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ നാല് വർഷമായി അഹമ്മദാബാദിലെ വസ്ത പ്രദേശത്തെ ശന്തനു സിം​ഗിന്റെയും കല്യാണിയുടെയും വസതിയിൽ ജോലിക്ക് നിൽക്കുകയാണ് പ്രീതികുമാരി റാം എന്ന ബീഹാർ സ്വദേശിനിയായ യുവതി. 

ഞായറാഴ്ച രാവിലെയാണ് താൻ ആക്രമിക്കപ്പെട്ടതെന്ന് യുവതി പറഞ്ഞു. വീട്ടുജോലി ശരിയായി ചെയ്യുന്നില്ലെന്നായിരുന്നു വീട്ടുടമയായ കല്യാണിയുടെ ആരോപണം. വീട്ടുജോലി ചെയ്യുന്ന കാര്യത്തിൽ കല്യാണി തന്നെ അധിക്ഷേപിച്ച് സംസാരിച്ചതായും പ്രീതി കുമാരി പറഞ്ഞു. ദേഷ്യം അനിയന്ത്രിതമായ സാഹചര്യത്തിലാണ് തൊട്ടടുത്ത മേശമേലിരുന്ന കത്തിയെടുത്ത് വീട്ടുടമയായ കല്യാണി തന്നെ ആക്രമിച്ചതെന്ന് പ്രീതി കുമാരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രാണരക്ഷാർത്ഥം ആക്രമണത്തെ കൈ കൊണ്ട് തടുത്തപ്പോൾ കൈത്തണ്ടയിലും മുറിവേറ്റു. 

മുറിവേറ്റ കൈകളുമായി താൻ ഓടിരക്ഷപ്പെടുകയായിരുന്നു എന്നും പ്രീതി കുമാരി വെളിപ്പെടുത്തി. മുറിവേറ്റ കൈയുമായി ഓടുന്നത് കണ്ട മറ്റൊരു വ്യക്തിയാണ് ഇവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. പിന്നീടാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.