ദമോ(മധ്യപ്രദേശ് ): എടിഎം കൗണ്ടര്‍ സ്‌ഫോടക വസ്തു ഉപയോഗിച്ച് തകര്‍ത്ത് കവര്‍ച്ച നടത്തിയ ആറംഗ സംഘം പിടിയില്‍. എന്‍ജിനീയര്‍ ബിരുദധാരിയടക്കമുള്ളവരാണ് പിടിയിലായത്. ഏഴോളം എടിഎം കൗണ്ടറുകള്‍ തകര്‍ത്ത സംഘം, 45 ലക്ഷം രൂപ കവര്‍ന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അനില്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

കൗണ്ടറുകളില്‍ എത്ര പണമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജലാറ്റിന്‍ സ്റ്റിക്കും മോട്ടോര്‍ സൈക്കിള്‍ ബാറ്ററിയും ഉപയോഗിച്ച് തകര്‍ത്ത് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് അറിയിച്ചു. ദേവേന്ദ്ര പട്ടേല്‍(28) എന്ന എന്‍ജിനീയറിംഗ് ബിരുദധാരിയും സംഘത്തിലുള്‍പ്പെട്ടിരുന്നുവെന്നും ഇയാള്‍ യു പി എസ് സി പരീക്ഷയെഴുതിയിരുന്നെന്നും പൊലീസ് അറിയിച്ചു. സന്തോഷ് പട്ടേല്‍, നിതേഷ് പട്ടേല്‍, ജയറാം പട്ടേല്‍, രാഗേഷ് പട്ടേല്‍, സുരത് ലോധി എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ടെലിവിഷനിലെ കുറ്റകൃത്യങ്ങള്‍ കണ്ടാണ് ഇവര്‍ മോഷണം നടത്തിയതെന്നും ഇയാളില്‍ നിന്ന് 3.5 ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടിയെന്നും പൊലീസ് പറഞ്ഞു.

മോഷണത്തിന് ഉപയോഗിച്ച സാമഗ്രികള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ദമോ, ജബല്‍പൂര്‍, പന്ന, കട്‌നി ജില്ലകളിലായി ഏഴോളം സ്ഥലങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയത്.