ഇടുക്കി: അടിമാലിയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിലായി. കമ്പിളിക്കണ്ടം സ്വദേശി സാജനാണ് പൊലീസ് പിടിയിലായത്. 

അടിമാലിയിൽ പ്രവർത്തിക്കുന്ന സ്‌‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് പിടിയിലായ സാജൻ. ഇതേ സ്‌‌കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയെയാണ് സാജൻ പീഡനത്തിനിരയാക്കിയത്.

പഠനത്തിൽ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കുറച്ച് മാസം മുമ്പാണ് സാജൻ വിദ്യാർത്ഥിനിയുമായി അടുത്തതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടിലേക്ക് വിളിച്ച് വരുത്തിയും സ്‌കൂളിൽ വച്ചും നിരവധി തവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഭയം മൂലം വിദ്യാർത്ഥിനി ഇക്കാര്യം വീട്ടിൽ അറിയിച്ചില്ല. കഴിഞ്ഞ ദിവസം സ്കൂളിൽ അധ്യാപകർ നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി ഇക്കാര്യം പറഞ്ഞത്. തുടർന്ന് സ്‌‌കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അടിമാലിയിലെ വാടക വീട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 

ഇതേ സ്‌‌കൂളിൽ നിന്ന് മൂന്ന് വർഷം മുൻപ് പഠനം നിർത്തിയ വിദ്യാർത്ഥിനിയെ സാജൻ വിവാഹം കഴിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തെ കുറിച്ചും കൂടുതൽ പെൺകുട്ടികളെ സാജൻ പീഡനത്തിന് ഇരയാക്കിട്ടുണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഭവം നടന്ന് രണ്ട് വര്‍ഷത്തിനു ശേഷമാണെങ്കിലും, മകളെ പീഡിപ്പിച്ച പ്രതിയെ പിടികൂടാനായതിന്‍റെ ആശ്വാസത്തിലാണ് കുടുംബം.