വീടിന്‍റെ മുന്‍ വാതില്‍ സംശയാസ്പദമായ രീതിയില്‍ തുറന്നും അകത്തെ വാതില്‍ അടഞ്ഞും കിടക്കുകയായിരുന്നു

ദില്ലി: മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിംഗ് കമാന്‍ഡറുടെ ഭാര്യയെ ദില്ലിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ വിംഗ് കമാന്‍ഡറും ഇന്‍റിഗോ എയര്‍ലൈന്‍സില്‍ പൈലറ്റുമായ വികെ ജെയ്നിന്‍റെ ഭാര്യ മീനു ജെയിനിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ വിളിച്ചിട്ടു ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് വീട്ടിലെത്തിയ ഇവരുടെ പിതാവാണ് മകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വീടിന്‍റെ മുന്‍ വാതില്‍ സംശയാസ്പദമായ രീതിയില്‍ തുറന്നും അകത്തെ വാതില്‍ അടഞ്ഞും കിടക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്തു കയറി ബോധരഹിതയായിക്കിടന്ന മീനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇവരുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട തലയിണകളും ടവ്വലുകളും കണ്ടെടുത്തിട്ടുണ്ട്. വീട്ടില്‍ മോഷണം നടന്നതിന്‍റെയും ലക്ഷണങ്ങളുണ്ട്.

വീടിന്‍റെ ഒരു താക്കോല്‍ വീട്ടുജോലിക്കായി എത്തുന്ന സ്ത്രീയുടെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. വീട്ടില്‍ നിന്നും 5 ലക്ഷം രൂപയും, 2 ലക്ഷത്തിന്‍റെ വിദേശപണവും, 3 മൊബൈല്‍ ഫോണുകളും, ആഭരണങ്ങളും കാണാതായതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ മുന്‍ വിംഗ് കമാന്‍‍ഡര്‍ വികെ ജെയ്നിന്‍റെ ഭാര്യയാണ് മരിച്ച മീനു ജെയിന്‍. അന്വേഷണം ആരംഭിച്ചതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.