Asianet News MalayalamAsianet News Malayalam

കള്ളനോട്ടടിച്ച് അറസ്റ്റിലായ മുൻ യുവമോർച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയിൽ

2017-ൽ തൃശ്ശൂരിലെ മതിലകത്ത് നിന്നാണ് യുവമോർച്ചാ നേതാവായിരുന്ന രാഗേഷ് ഏരാശ്ശേരി പിടിയിലായതെങ്കിൽ ഇത്തവണ പൊലീസ് പിടികൂടിയത് കോഴിക്കോട്ടെ കൊടുവള്ളിയിൽ നിന്നാണ്.
 

ex yuvamorcha leader again arrested in fake note case
Author
Koduvally, First Published Sep 21, 2019, 11:09 AM IST

കോഴിക്കോട്: കള്ളനോട്ടടിക്കേസിൽ അറസ്റ്റിലായ മുൻയുവമോർച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ അഞ്ചാംപരത്തി സ്വദേശി രാഗേഷ് ഏരാശ്ശേരിയാണ് കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് പൊലീസ് പിടിയിലായത്. ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റിയംഗവുമായിരുന്നു രാഗേഷ് ഏരാശ്ശേരി. 

ഇയാൾക്കൊപ്പം മലപ്പുറം ഒതായി സ്വദേശി സുനീർ അലിയും കൊടുവള്ളി പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്ന് ഒരുലക്ഷത്തി നാൽപതിനായിരം രൂപയാണ് പിടിച്ചെടുത്തത്. ഓമശ്ശേരി ഭാഗത്ത് സ്കൂട്ടറിൽ കള്ളനോട്ട് വിതരണം ചെയ്യാനെത്തിയപ്പോഴാണ് ഇവർ പൊലീസിന്‍റെ പിടിയിലായത്. 

2017 ജൂണിൽ മതിലകം എസ് എൻ പുരത്തെ രാഗേഷിന്‍റെയും സഹോദരൻ രാജീവിന്‍റെയും വീട്ടിൽ നിന്ന് കള്ളനോട്ടടി യന്ത്രങ്ങളും മഷിയും പേപ്പറുകളും പൊലീസ് പിടികൂടിയത് വലിയ വാർത്തയായിരുന്നു. രാഗേഷ് പലിശയ്ക്ക് പണം കൊടുക്കുന്നെന്ന പരാതിയിലാണ് പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. അപ്പോഴാണ് വീട്ടിൽത്തന്നെയുള്ള നോട്ടടിയന്ത്രങ്ങൾ കണ്ടെടുത്തത്. നോട്ട് നിരോധിച്ച ശേഷം പുറത്തിറങ്ങിയ പുതിയ 2000, 500 കറൻസികളാണ് പ്രധാനമായും അച്ചടിച്ച് വിതരണം ചെയ്തിരുന്നത്. വീടിന്‍റെ മുകൾ നിലയിലുള്ള മുറിയിലായിരുന്നു അച്ചടി. 50, 20 രൂപയുടെ വ്യാജനോട്ടുകളും അന്ന് പിടിച്ചെടുത്തിരുന്നു. 

നോട്ട് അടിക്കാൻ കമ്പ്യൂട്ടറും, ലാപ്‍ടോപ്പും, ബോണ്ട് പേപ്പറും, കളർ പേപ്പറും, മഷിയും മുറിയിൽ സജ്ജീകരിച്ചിരുന്നു. കൊള്ളപ്പലിശ ഈടാക്കുന്ന മുദ്രപ്പത്രങ്ങളും വീട്ടിലുണ്ടായിരുന്നു. എല്ലാ നോട്ടുകളും അന്ന് വിശദമായി പരിശോധിച്ച വ്യാജമാണെന്ന് പൊലീസ് ഉറപ്പു വരുത്തിയിരുന്നു.

റിസർവ് ബാങ്ക് അച്ചടിക്കുന്ന നോട്ടിന്‍റെ അതേമാതൃകയിൽ കമ്പ്യൂട്ടറിൽ കറൻസി തയ്യാറാക്കി, കറൻസി പേപ്പറിന് സമാനമായ രീതിയിലും കട്ടിയിലുമുള്ള പേപ്പർ വാങ്ങി പ്രിന്‍റെടുത്ത് മുറിച്ചാണ് ഇയാൾ വിതരണം നടത്തിയിരുന്നത്. പെട്രോൾ പമ്പിലും ബാങ്കിലുമാണ് പ്രധാനമായും നോട്ടുകൾ മാറിയെടുത്തിരുന്നത്. 

ex yuvamorcha leader again arrested in fake note case

Follow Us:
Download App:
  • android
  • ios