കൊല്ലം: ജില്ലയില്‍ വ്യാജവാറ്റ് സംഘങ്ങള്‍ സജീവമാകുന്നു. നാട്ടിന്‍പുറങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തുന്ന സംഘത്തിലെ രണ്ട് പേർ പരവൂരില്‍ പിടിയിലായി.

ലോക്ക് ഡൌണ്‍ തുടങ്ങി മദ്യം കിട്ടാതെവന്നതോടെയാണ് വ്യാജവാറ്റ് സംഘങ്ങള്‍ ജില്ലയില്‍ സജീവമായത്. ആദ്യം മലയോരമേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് തുടങ്ങിയത്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളിലും വ്യാജവാറ്റ് സംഘങ്ങള്‍ പിടിമുറുക്കുകയാണ്. ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ പ്രവർത്തിക്കുന്നത്.

Read more: അഞ്ച് ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി; ഉപകരണങ്ങളും പിടിച്ചെടുത്തു

കഴിഞ്ഞ ദിവസം പരവൂർ പൊലീസിന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പരവൂർ കുറുമണ്ഡലിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് 300 ലിറ്റർ വാഷ് പൊലീസ് പിടികൂടി. വ്യാജവാറ്റിന് വിര്യംകൂട്ടുന്നതിന് വേണ്ടി കീടനാശിനികള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രഷർ കുക്കർ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ചാരായം വാറ്റുന്നത്.

പരവൂരിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് വ്യാജ ചാരായം വാറ്റിയിരുന്ന രണ്ട് പേരെ പൊലീസ് പിടികൂടി. അനില്‍കുമാർ, അരുൺ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ലിറ്ററിന് ആയിരം രൂപവരെ വാങ്ങിയാണ് ഇവർ കച്ചവടം നടത്തുന്നത്. ആവശ്യക്കാരെ കണ്ടെത്താൻ ഇടനിലക്കാരും ഉണ്ട്. വ്യാജവാറ്റ് സംഘങ്ങളെ കണ്ടെത്തുന്നതിന് പൊലീസും എക്സൈസും പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 

Read more: മദ്യം കിട്ടാനില്ല; പെയിന്റ് വാർനിഷിൽ വെള്ളം ചേർത്ത് കുടിച്ച മൂന്ന് പേർ മരിച്ചു