ചെന്നൈ: മദ്യം കിട്ടാതെ വന്നതോടെ പെയിന്റ് വാർനിഷ് കുടിച്ച മൂന്ന് പേർ ചെന്നൈയിൽ മരിച്ചു. ചെങ്കൽപേട്ട് ജില്ലയിലാണ് സംഭവം. മദ്യം കിട്ടാതെ വന്നതോടെ പെയിന്റ് വാർനിഷിൽ വെള്ളമൊഴിച്ച് മൂവരും അത് കുടിക്കുകയായിരുന്നു. ശിവശങ്കർ, പ്രദീപ്, ശിവരാമൻ എന്നിവരാണ് മരിച്ചത്.

മൂവരും സ്ഥിരം മദ്യപാനികളാണെന്ന് പൊലീസ് പറഞ്ഞു. 21 ദിവസത്തെ ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതിന് പിന്നാലെ ഇവർക്ക് മദ്യം കിട്ടാതെയായി. ഇതോടെയാണ് പെയിന്റ് വാർനിഷിൽ വെള്ളമൊഴിച്ച് കുടിച്ചത്. ഇതോടെ മൂവരും കുഴഞ്ഞുവീണു.

ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും മരുന്നുകളോട് പ്രതികരിക്കാതിരുന്നതോടെ മരണം ഉറപ്പാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുതുക്കോട്ട ജില്ലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ആഫ്റ്റർ ഷേവ് ലോഷൻ വെള്ളം കലർത്തി കുടിച്ച മൂന്ന് പേരാണ് രണ്ട് ദിവസം മുൻപ് മരിച്ചത്.