കൊടുങ്ങല്ലൂർ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. സിആർ പത്മകുമാറിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം തുടങ്ങി.

കൊടുങ്ങല്ലൂർ പടാകുളം ജങ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൽ നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം. അക്രമികൾ കൈ കാണിച്ച് കാർ നിർത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. കാറിൻ്റെ ചില്ലുകൾ അടിച്ചു തകർത്തു.

നാലംഗ സംഘമാണ് മർദ്ദിച്ചതെന്നും, പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും സിഐ പറഞ്ഞു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായതിനാൽ പത്മകുമാറിന്റെ നടപടിയിൽ വൈരാഗ്യമുള്ളവരാകാം സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസ് കരുതുന്നത്.

കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു. പടാകുളം കേന്ദ്രീകരിച്ച് രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം വ്യാപകമാണെന്ന് പരാതിയുണ്ട്.