സമാനമായ രീതിയിൽ അതിർത്തി കടന്ന് സ്പിരിറ്റെത്തിക്കുന്ന സംഘത്തെക്കുറിച്ച് ഇന്റലിജൻസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവരുമായി അനിലിനുളള ബന്ധത്തെക്കുറിച്ചാണ് എക്സൈസ് അന്വേഷിക്കുന്നത്.
പാലക്കാട്: സ്പിരിറ്റ് കേസിൽ അറസ്റ്റിലായ സിപിഎം പ്രാദേശിക നേതാവ് അത്തിമണി അനിലിന് സ്പിരിറ്റ് കിട്ടിയ ഉറവിടത്തെക്കുറിച്ചറിയാൻ എക്സൈസ് ഇന്‍ലിജൻസ് ചോദ്യം ചെയ്യുകയാണ്. സ്പിരിറ്റ് കടത്തുമായി തനിക്ക് ബന്ധമില്ലെന്നും പ്രാദേശിക രാഷ്ട്രീയ പ്രശ്നത്തിന്‍റെ പേരിൽ കുടുക്കുകയായിരുന്നെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരോട് അനിൽ ആവർത്തിക്കുന്നത്. അനിലിനെ മജിസട്രേറ്റിന് മുന്നിൽ ഹാജരാക്കും.
കേരളത്തിലേക്കുളള സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് എക്സൈസ് ഇന്റലിജൻസ്. സമാനമായ രീതിയിൽ അതിർത്തി കടന്ന് സ്പിരിറ്റെത്തിക്കുന്ന സംഘത്തെക്കുറിച്ച് ഇന്റലിജൻസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവരുമായി അനിലിനുളള ബന്ധത്തെക്കുറിച്ചാണ് എക്സൈസ് അന്വേഷിക്കുന്നത്. അനിലിന്റെയും സഹായികളുടെയും മൊബൈൽ ഫോൺവിളികളുടെ വിശദാംശങ്ങളുൾപ്പെടെ ശേഖരിച്ചിട്ടുമുണ്ട്. എക്സൈസ് ഇന്റലിജൻസ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിട്ടും രാഷ്ട്രീയ ഗൂഡാലോചന എന്നാണ് അനിൽ ആവർത്തിക്കുന്നത്. സ്പിരിറ്റ് കടത്തിന് പിന്നിൽ താനല്ലെന്നും അനിൽ ഉറച്ചുനിൽക്കുന്നു
അതിർത്തി പ്രദേശത്ത് തെങ്ങിൻതോപ്പുകൾ കേന്ദ്രീകരിച്ച് വ്യാജക്കളള് വ്യാപകമാകുന്നുണ്ടോയെന്ന് എക്സൈസ് ഐബി പരിശോധിക്കുന്നുണ്ട്. തെങ്ങിതോപ്പുകളിൽ സ്പിരിറ്റെത്തുന്നതിനെ ഗൗരവമായാണ് ഐ ബി കാണുന്നതും. മൂന്ന് ദിവസം ഒളിവിലായിരുന്ന അനിലിനെ ശനിയാഴ്ച രാത്രിയിലാണ് എക്സൈസ് കസ്റ്റഡിയിലെടുക്കുന്നത്. ഗൗരവമുളള സംഭവമായിട്ടും അറസ്റ്റ് വൈകിയതിൽ ഐ ബി ഉദ്യോഗസ്ഥർ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന.
