തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. 20 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായെത്തിയ ഒരാളെ എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് പിടികൂടി. കോവളം വാഴമുട്ടത്തുവച്ചാണ് വാഹനത്തിന്‍റെ രഹസ്യ അറയിൽ കൊണ്ടുവന്ന ലഹരിവസ്തു എക്സൈസ് പിടികൂടിയത്.

തലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. കോട്ടയം നീണ്ടു സ്വദേശി ജോർജ്ജ് കുട്ടിയാണ് ഹാഷിഷ് ഓയിലുമായെത്തിയത്. കാറിന്‍റെ അടിഭാഗത്ത് രഹസ്യ അറയുണ്ടാക്കിയാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോവളം വാഴമുട്ടത്ത് വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കുഴൽപ്പണം, ലഹരി മരുന്ന് കടത്തൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ലഹരി മാഫിയക്കിടയിൽ ജി കെ എന്ന് അറിയിപ്പെടുന്ന ജോർജ്ജ് കുട്ടി. 

എക്സൈസും പൊലീസും പിടി കൂടിയിട്ടും തലസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് നിലക്കുന്നില്ല. ഒരു വർ‍ഷത്തിനുള്ളിൽ 75 അര കിലോ ഹാഷിഷ് ഓയിലാണ് എക്സൈസ് മാത്രം പിടികൂടിയത്.  35 ലക്ഷം രൂപയും 11 കാറുകളും പ്രതികളിൽ നിന്നും പിടികൂടിയിട്ടുണ്ട്.