നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ തണ്ണിമത്തൻ ലോറിയിൽ കടത്തുകയായിരുന്ന 58.5 കിലോ കഞ്ചാവുമായി രണ്ടുപേർ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ലോറി എക്സൈസ് സംഘം പിടിച്ചെടുത്തു. കെ എൻ ജി റോഡിൽ വടപുറം സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് കഞ്ചാവുമായെത്തിയ ലോറി പിടികൂടിയത്. നിലമ്പൂർ ഭാഗത്തേക്ക് തണ്ണിമത്തൻ ലോഡുമായി വരികയായിരുന്ന കെ എൽ 56 ക്യു  7386 നമ്പർ ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. 

ലോറിയിൽ ഉണ്ടായിരുന്ന വയനാട് വൈത്തിരി പന്തിപ്പൊയിൽ കൂനൻ കരിയാട് വീട്ടിൽ ഹാഫീസ്(29), കോഴിക്കോട് നരിക്കുനി പാലങ്ങാട് വൈലാങ്കര വീട്ടിൽ സഫ്തർ ഹാഷ്മി(26) എന്നിവരെ നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണ കുമാറും സംഘവും അറസ്റ്റ് ചെയ്തതു. കർണ്ണാടകയിൽ നിന്നും തണ്ണിമത്തൻ കയറ്റിവന്ന ലോറിയിൽ ഡ്രൈവർ ക്യാബിനുള്ളിൽ ഒരു ചാക്കും ക്യാബിന് മുകളിൽ ടാർ പായ കൊണ്ട് മൂടിയ നിലയിൽ മറ്റൊരു ചാക്കിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

പന്ത് രൂപത്തിൽ 27 പാക്കറ്റുകളിലായി 58.5 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഒരു പാക്കറ്റ് 2.200 ഗ്രാം തൂക്കം വരും. ഉണക്കിയെടുത്ത കഞ്ചാവാണ് പായ്ക്കറ്റുകളിൽ ഉണ്ടായിരുന്നത്. എക്സൈസ് വിശദമായ അന്വേഷണം തുടങ്ങി.