Asianet News MalayalamAsianet News Malayalam

ആര്യൻ ഖാനെതിരായ കേസ് കെട്ടിച്ചമച്ചത്; എൻസിബിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര എൻസിപി വക്താവ്

ഷാരൂഖ്ഖാന്‍റെ മകൻ ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസിൽ എൻസിബിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്രയിലെ മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക്

Fabricated case against Aryan Khan Maharashtra NCP spokesperson lashes out at NCB
Author
Mumbai, First Published Oct 7, 2021, 12:01 AM IST

മുംബൈ: ഷാരൂഖ്ഖാന്‍റെ മകൻ ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസിൽ എൻസിബിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്രയിലെ മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക്. ആര്യനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് നവാബ് മാലിക് ആരോപിച്ചു.എന്നാൽ പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ തിരിച്ചടിച്ചു.

ആര്യൻഖാനിൽ നേരിട്ട് ലഹരി വസ്തുക്കളൊന്നും ഒന്നും പിടിച്ചെടുത്തില്ലെന്ന് എൻസിബി തന്നെ പറയുന്നു. കപ്പലിൽ നിന്ന് കിട്ടിയതായി പുറത്ത് വന്ന ചിത്രങ്ങളാകട്ടെ എൻസിബി ഒഫീസിൽ നിന്നെടുത്തതും. ചുരുക്കത്തിൽ തെളിവുകൾ എൻസിബി കെട്ടിച്ചമച്ചതാണെന്ന് നവാബ് മാലിക് ആരോപിച്ചു. ഷാരൂഖ് ഖാനെ എൻസിബി ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ചില ക്രൈം റിപ്പോർട്ടർമാർ പറയുന്നുണ്ടായിരുന്നു. 

ബോളിവുഡ് താരങ്ങളെ മാത്രമല്ല ബിജെപിക്കൊപ്പം നിന്ന് മഹാരാഷ്ട്രയെയും അപമാനിക്കാൻ ബോധപൂർവം ശ്രമിക്കുകയായാണെന്ന് അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയിലായ ആര്യൻ ഖാനൊപ്പം ഒരു സ്വകാര്യ ഡിക്ടറ്റീവ് എടുത്ത സെൽഫി പുറത്ത് വന്നിട്ടുണ്ട്. ഇയാളുമായി ബന്ധമില്ലെന്ന് പറയുന്ന എൻസിബി പിന്നെ ഇതാരാണ്, ഈ ഫോട്ടോ എങ്ങനെ എടുത്തു എന്നൊന്നും പറയുന്നില്ല. കപ്പലിൽ ഉണ്ടായിരുന്ന ഒരു ബിജെപി നേതാവിനെക്കുറിച്ചും നവാബ് മാലിക്ക് സംശയങ്ങളുന്നയിച്ചു. എന്നാൽ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ട് പിന്നാലെ എൻസിബി വാർത്താസമ്മേളനം നടത്തി.

നവാബ് മാലിക്കിന്‍റെ മരുമകനെ മറ്റൊരു കേസിൽ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം പരോക്ഷമായി ഓർമിപ്പിച്ചായിരുന്നു അന്വേഷണ സംഘത്തിന്‍റെ മറുപടി. അതേസമയം കേസിൽ ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്‍റും എൻസിബി തൊണ്ടിമുതലടക്കം തെളിവുകൾ കൃതൃമമയായി ഉണ്ടാക്കിയതാണെന്ന് ആരോപിച്ച് ജാമ്യേപക്ഷ സമർപ്പിച്ചു.

Follow Us:
Download App:
  • android
  • ios