വെള്ളറട: മോഷണക്കുറ്റത്തിന് യുവാവിനെതിരെ കള്ളക്കേസെടുത്ത വെള്ളറട പൊലീസിനെതിരായ കുരുക്ക് മുറുകുന്നു. ഒരു കടയിൽ നിന്നും രണ്ടര ലക്ഷം മോഷ്ടിച്ചുവന്നാരോപിച്ചാണ് രജിനെന്ന യുവാവിനെ പൊലീസ് കള്ളകേസെടുത്ത് അറസ്റ്റ് ചെയ്തത്. എന്നാൽ മറ്റൊരു മോഷണ കേസിൽ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്ത ആകാശെന്ന പ്രതി ഈ മോഷണക്കുറ്റം സമ്മതിച്ചതോടെയാണ് പൊലീസിന്‍റെ കള്ളക്കളി വ്യക്തമാകുന്നത്.

രണ്ടര വർഷം മുമ്പാണ് ഒരു കടയിൽ നിന്നും രണ്ടര ലക്ഷം രൂപ മോഷ്ടിച്ചുവെന്നാരോപിച്ചാണ് രജിൻ എന്ന യുവാവിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തൊണ്ടിമുതലോ തെളിവുകളോയില്ലാതെയാണ് ഹൃദ്രോഹിയായ രജിനെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 21 ദിവസം രജിൻ ജയിലിൽ കിടന്നു. നിരപാധിത്വം തെളിയിക്കാൻ രജിൻ നടത്തിയ പോരാട്ടത്തിനൊടുവിൽ റൂറൽ എസ്പി പുനരന്വേഷണം നടത്തി. 

രജിനെതിരെയെടുത്ത് കള്ളക്കേസാണെന്ന് വ്യക്തമായതോടെ അന്ന് കേസെടുക്കാൻ നേതൃത്വം നൽകിയ സിഐ അജിത്ത്, എസ്ഐ വിജയകുമാർ എന്നിവരെ ഡിജിപി സസ്പെൻറ് ചെയ്തിരുന്നു. എന്നാൽ ആരാണ് യാഥാർത്ഥ കുറ്റവാളികളെന്ന് കണ്ടെത്തിയിരുന്നില്ല. 

കഴിഞ്ഞ നിരവധി മോഷണക്കേസിൽ പ്രതിയിൽ പിടികൂടാനുള്ള ആകാശിനെ വെള്ളറട പൊലീസ് തന്നെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിലാണ് കടയിൽ നിന്നും രണ്ടര ലക്ഷം രൂപമോഷ്ടിച്ചത് താനാണെന്ന് ആകാശ് കുറ്റസമ്മതം നടത്തിയത്. പക്ഷെ വിവരം പുറത്തുവിടാതെ ആകാശിനെ റിമാൻഡ് ചെയ്തു. പൊലീസും ചില സാമൂഹിക വിരുദ്ധരും ചേർന്നു നടത്തിയ ഗൂഡാലോചനയെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ലിജിൻ പറഞ്ഞു.