കൊച്ചി: എറണാകുളം എടത്തലയില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. മെഡിക്കല്‍ രജിസ്‌ട്രേഷന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചികിത്സ നടത്തിയ റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ്(45) അറസ്റ്റിലായത്. പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും. കഴിഞ്ഞ ആറ് മാസമായി ഇവര്‍ എടത്തല കോമ്പാറയില്‍ മരിയ ക്ലിനിക് നടത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയതെന്നാണ് അവകാശവാദം.  നാട് കൊട്ടാരക്കരയാണെന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അടുത്ത ബന്ധുവാണെന്നും വരെ പറഞ്ഞ് നാട്ടുകാരെ കൈയിലെടുത്തു.

ആറ് മാസം തട്ടിപ്പ് തുടര്‍ന്നു. പ്രദേശവാസികള്‍ ചിലര്‍ സംശയം ഉന്നയിച്ചു. കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലാക്കി സ്ഥലം വിടാനൊരുങ്ങുന്നതിനിടെയാണ് എടത്തല പൊലീസ് ക്ലിനിക്കിലെത്തി പരിശോധന നടത്തിയത്. മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമെന്ന് കണ്ടെത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് നാട്ടുകാര്‍ ചിലരില്‍ നിന്ന് ഇവര്‍ പണം കടമായും വാങ്ങിയിരുന്നു. ക്ലിനിക്കിന്റെ ഉടമ ഷാജു ആന്റണി ഒളിവിലാണ്. ഇയാളുടെ അറിവോടെയാണോ ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു