തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറിയേക്കുമെന്ന് സൂചന. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറൽ എസ്പിയോടും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോടും  ഡിജിപി നിര്‍ദ്ദേശിച്ചു.

രണ്ടുജില്ലകളില്‍ നിന്നായി 18 ലക്ഷം രൂപയുടെ കള്ളനോട്ടാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പിടികൂടുകയും ചെയ്തു. കേസിലെ മുഖ്യപ്രതി കോഴിക്കോട് സ്വദേശിയായ ഷെമീർ ആണ്. മൂന്നു മാസത്തെ പരിശ്രമത്തിനൊടുവിലാണ് കള്ളനോട്ട് തയ്യാറാക്കിയതെന്ന് ഷെമീർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. 

ഷെമീര്‍ മറ്റുജില്ലകളിലും കള്ളനോട്ട് വിതരണം ചെയ്തതായാണ് പൊലീസിന്‍റെ നിഗമനം. കൊച്ചി , തൃശൂർ, മലപ്പുറം ജില്ലകളില്‍ കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കോഴിക്കോട് നിന്ന് പിടിയിലായ റഷീദന്നെ ഉണ്ണികൃഷ്ണനാണ് വിതരണ ശൃഖലയിലെ മുഖ്യകണ്ണിയെന്നും പൊലീസ് പറഞ്ഞു.