Asianet News MalayalamAsianet News Malayalam

വ്യാജ പൊലീസ് സ്റ്റേഷൻ, യൂണിഫോം, തൊപ്പി‌; മാസങ്ങളോളം നീണ്ട തട്ടിപ്പ് പൊളിഞ്ഞത് തോക്കിൽ നിന്ന്

സ്ഥലത്തെ  പൊലീസ് ഇൻസ്പെക്ടറുടെ വീടിന് 500 മീറ്റര്‍ മാത്രം അകലെയാണ് ഇത്തരമൊരു വ്യാജ പൊലീസ് സ്റ്റേഷൻ നടന്നിരുന്നത്...

Fake Police Station For Eight Months Bihar Gang Arrested
Author
Patna, First Published Aug 19, 2022, 12:28 PM IST

പാറ്റ്ന : പൊലീസ് സ്റ്റേഷൻ, അവിടെ യൂണിഫോമിട്ട് വിവിധ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, തൊപ്പി, തോക്ക്.. എല്ലാമുണ്ട്. ജനങ്ങൾ ആവശ്യങ്ങൾക്കായി അവരെ സമീപിച്ചു. കൈക്കൂലി വാങ്ങിയും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയും ഈ ഉദ്യോഗസ്ഥര്‍ ജനങ്ങളെ 'സേവിച്ചു'. മാസങ്ങൾ തുടര്‍ന്ന ഈ തട്ടിപ്പ് പിടിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ബിഹാറിലെ പാറ്റ്നയിലെ ഒരു ഹോട്ടലിൽ പൊലീസ് സ്റ്റേഷന്റെ സെറ്റിട്ടായിരുന്നു നടുക്കുന്ന തട്ടിപ്പ് നടത്തി വന്നിരുന്നത്. സ്ഥലത്തെ  പൊലീസ് ഇൻസ്പെക്ടറുടെ വീടിന് 500 മീറ്റര്‍ മാത്രം അകലെയാണ് ഇത്തരമൊരു വ്യാജ പൊലീസ് സ്റ്റേഷൻ നടന്നിരുന്നത് എന്നാണ് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സ്റ്റേഷനിൽ പൊലീസായി നിൽക്കാൻ 500 രൂപ ദിവസക്കൂലിക്കായി ഗ്രാമങ്ങളിൽ നിന്ന് ഇവര്‍ ആളുകളെ വാടകയ്ക്കെടുത്തിരുന്നു. രണ്ട് സ്ത്രീകളടക്കമുള്ള സംഘത്തിലെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ തലവൻ ഇപ്പോഴും ഒളിവിലാണ്. പരാതിയുമായി വ്യാജ പൊലീസ് സ്റ്റേഷനിലെത്തുന്നവരിൽ നിന്ന് നിര്‍ബന്ധിച്ച് പണം വാങ്ങിക്കുയോ പൊലീസിൽ നല്ല ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുകയോ ആണ് ഇവരുടെ പതിവ്. 100 ലേറെ പേരോട് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് യഥാര്‍ത്ഥ പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം. പൊലീസ് ബാഡ്ജ് പോലും വ്യാജമായി ഉണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 

സംഘത്തിലെ രണ്ട് പേരെ പ്രാദേശികമായി ഉണ്ടാക്കിയ തോക്കുമായി യഥാര്‍ത്ഥ പൊലീസുകാരൻ കണ്ടതോടെയാണ് ഇവര്‍ക്ക് പിടി വീണത്. സര്‍വ്വീസ് തോക്കിന് പകരം ലോക്കൽ വര്‍ക്ക് ഷോപ്പിൽ ഉണ്ടാക്കിയ തോക്കാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് കമ്മീഷണര്‍ ശ്രീവാസ്തവ 
വാര്‍ത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios