പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ വനംവകുപ്പിനെതിരെ ആരോപണവുമായി കുടുംബം. ഉദ്യോഗസ്ഥർ മത്തായിയെ മർദ്ദിച്ച് കൊന്നതാണെന്ന് ഭാര്യ ഷീബ. കേസിൽ നിന്ന് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ 75000 രൂപ ആവശ്യപ്പെട്ടെന്നും ഷീബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്നാരോപിച്ച് ഇന്നലെ ഉച്ചക്കാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. 

വൈകീട്ട് അഴുമണിയോടെ മത്തായിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കകം സ്വന്തം ഫാമിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. കേസിൽ മത്തായിയെ കുരുക്കിയതാണെമന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടതായും ഭാര്യ ആരോപിക്കുന്നു.

ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഏഴ് ഉദ്യാോഗസ്ഥരാണ് മത്തായിയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ മത്തായി കിണറ്റിൽ വീണതെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രിമിക്കാതെ വനപാലകർ  വാഹനം ഉപേക്ഷിച്ച് മുങ്ങിയെന്നും നാട്ടുകാർ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചതോടെ ഇന്നലെ രാത്രി വൈകി ആർഡിഒ എത്തിയാണ്  മൃതദേഹം പുറത്തെടുത്തത്. 

പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം പോസ്റ്റമോർട്ടം ചെയ്യും. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം സംഭവം വിവാദമായതോടെ വനം വകുപ്പ്,  വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. അസിസ്റ്റന്റ് ചീഫ് കൺസർവേറ്ററുടെ നേതൃത്വത്തിലാണ് അന്വേഷണം.