Asianet News MalayalamAsianet News Malayalam

സ്കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് മൂന്നാണ്ട്, വിചാരണ വൈകുന്നു; പരാതിയുമായി ബന്ധുക്കൾ

വിചാരണ വൈകുന്നതിൽ പരാതിയിലാണ് ബന്ധുക്കള്‍. മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് നിന്ന് 2020 ജനുവരി 18 നാണ് അധ്യാപികയായ രൂപശ്രീയുടെ മൃതദേഹം ലഭിച്ചത്.

family complaint about kasaragod roopashree teacher murder case trial delay
Author
First Published Jan 18, 2023, 9:58 AM IST

കാസര്‍കോട് : മിയാപദവിലെ സ്കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് മൂന്നാണ്ട്.  90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും ഇതുവരെയും വിചാരണ ആരംഭിച്ചിട്ടില്ല. കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങി യഥേഷ്ടം വിഹരിക്കുകയാണെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. 

വിചാരണ വൈകുന്നതിൽ പരാതിയിലാണ് ബന്ധുക്കള്‍. മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് നിന്ന് 2020 ജനുവരി 18 നാണ് അധ്യാപികയായ രൂപശ്രീയുടെ മൃതദേഹം ലഭിച്ചത്. അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. മിയാപദവ് വിദ്യാവര്‍ധക സ്കൂള്‍ ചിത്രകലാ അധ്യാപകന്‍ വെങ്കട്ടരമണയും ഇയാളുടെ കൂട്ടുകാരന്‍ നിരഞ്ജന്‍ കുമാറുമായിരുന്നു പ്രതികള്‍. മിയാപദവ് സ്കൂളിലെ തന്നെ അധ്യാപികയായിരുന്നു രൂപശ്രീ. ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി അധ്യാപികയെ കൊല്ലുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു.

രൂപശ്രീയും വെങ്കട്ടരമണയും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും ബന്ധത്തിൽ നിന്നും രൂപശ്രീ അകലാന്‍ തുടങ്ങിയെന്ന തോന്നലാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. കേസിലെ രണ്ട് പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് രൂപശ്രീയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. 

അന്ന് സംഭവിച്ചത് 

പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാമെന്ന വ്യാജേന വെങ്കട്ട രമണ രൂപശ്രീയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിന് മുമ്പേ പ്രതി കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സഹായത്തിനായി കൂട്ടുകാരനും ഡ്രൈവറുമായ നിര‍ജ്‍ഞനെ നേരത്തെ വീട്ടിലെത്തിച്ചു. പിന്നീട് ഇരുവരും ചേർന്ന് വീടിനകത്തെ കുളിമുറിയിലെ ഡ്രമ്മിൽ മുക്കിയാണ് രൂപശ്രീയെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയശേഷം മൃതദേഹം വലിച്ചിഴച്ച് കാറിന്റെ ഡിക്കിയിലിട്ടു. മംഗളൂരുവില്‍ വിവാഹത്തിന് പോയി മടങ്ങുകയായിരുന്ന ഭാര്യയെ വെങ്കിട്ട രമണ ഇതേകാറില്‍ ഹൊസങ്കടിയില്‍നിന്ന് കൂട്ടി വീട്ടിലാക്കിയശേഷം പല ഇടത്തും ചുറ്റിക്കറങ്ങി രാത്രി 10-ഓടെ കണ്വതീര്‍ഥ കടപ്പുറത്തെത്തി മൃതദേഹം കടലില്‍ തള്ളി. 1700 പേജുള്ള കുറ്റപത്രത്തില്‍ 140 പേര്‍ സാക്ഷികളാണ്. മൃതദേഹം കടലില്‍ താഴ്ത്താന്‍ കൊണ്ടുപോയ കാര്‍, രൂപശ്രീയുടെ ബാഗ്, ബാഗിനകത്ത് ഉണ്ടായിരുന്ന വസ്ഥുക്കൾ, ഇവര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്, കൊലപ്പെടുത്താനുപയോഗിച്ച വീപ്പ തുടങ്ങിയവ തൊണ്ടിമുതലുകളാണ്. 

അധ്യാപികയായ രൂപശ്രീയുടെ മരണം കൊലപാതകം, ബക്കറ്റിൽ മുക്കി കൊന്നു, കടലിൽ തള്ളി

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ പരാക്രമം, എസ് ഐയെ ആക്രമിച്ചു, ജനൽ ചില്ല് അടിച്ചുതകർത്തു

 

 

 

Follow Us:
Download App:
  • android
  • ios