Asianet News MalayalamAsianet News Malayalam

വേഷംമാറിയെത്തി കൊവിഡ് പ്രതിരോധ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷഗുളിക നൽകി നാലംഗ കുടുംബത്തെ കൊലപ്പെടുത്തി

കൊവിഡ് പ്രതിരോധ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷഗുളികകള്‍ നല്‍കി തമിഴ്നാട്ടില്‍ നാലംഗ കുടുംബത്തെ കൊലപ്പെടുത്തി. ആരോഗ്യപ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കൊലപാതകം. 

family of four was killed by giving a poison pill tamil nadu
Author
Erode, First Published Jun 29, 2021, 12:02 AM IST

ഇറോഡ്: കൊവിഡ് പ്രതിരോധ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷഗുളികകള്‍ നല്‍കി തമിഴ്നാട്ടില്‍ നാലംഗ കുടുംബത്തെ കൊലപ്പെടുത്തി. ആരോഗ്യപ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കൊലപാതകം. ഈറോഡിലെ ഗ്രാമമുഖ്യനെയും കുടുംബത്തെയുമാണ് ആസൂത്രിതമായി അയല്‍വാസി കൊന്നത്.

തമിഴ് സ്സപെന്‍സ് ത്രില്ലറിനെ വെല്ലുന്ന ആസൂത്രിത കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് ഈറോഡ്. ആരോഗ്യപ്രവര്‍ത്തനായി വേഷംമാറിയെത്തിയാണ് കല്യാണസുന്ദരമെന്ന 43-കാരന്‍ നാലംഗ കുടുംബത്തിന്‍റെ ജീവനെടുത്തത്. അതും കൊവിഡ് പ്രതിരോധ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷഗുളികകള്‍ നല്‍കി.

കീഴ്വാനി ഗ്രാമത്തിലെ കറുപ്പനഗൗണ്ടര്‍, ഗൗണ്ടറുടെ ഭാര്യ , മകള്‍ , വീട്ടുജോലിക്കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഗൗണ്ടറില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് കല്യാണസുന്ദരം 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ ബിസിനസ് നഷ്ടത്തിലായതോടെ കടക്കെണിയിലായി. ഗൗണ്ടര്‍ക്ക് നല്‍കേണ്ട പലിശ അടക്കം മുടങ്ങി. പണം ആവശ്യപ്പെട്ട് ഗൗണ്ടര്‍ സ്ഥിരമായി കല്യാണസുന്ദരത്തെ ബന്ധപ്പെടാന്‍ തുടങ്ങി. ഇതോടെ ഗൗണ്ടറെ ഇല്ലാതാക്കാന്‍ അയല്‍വാസിയായ കല്യാണസുന്ദരം കണ്ടുപിടിച്ച വഴിയായിരുന്നു കൊവിഡിന്‍റെ പേരിലുള്ള വിഷഗുളിക. 

ആത്മസുഹൃത്തായ ശബരിയുടെ സഹോയത്തോടെയായിരുന്നു കൊലപാതകം. വേഷം മാറി ആരോഗ്യപ്രവര്‍ത്തകരായാണ് ഇരുവരും ഗൗണ്ടറുടെ വീട്ടിലെത്തിയത്. വ്യാജ തിരിച്ചറിയല്‍ രേഖയും ശരീരോഷ്മാവ് അളക്കുന്ന മെഷീനും ഓക്സിമീറ്ററും വരെ സംഘടിപ്പിച്ചാണ് എത്തിയത്. കുടുംബത്തിന്‍റെ ആരോഗ്യവിവരങ്ങള്‍ തിരക്കിയ ശേഷം നിര്‍ബന്ധമായും കഴിക്കണമെന്ന് പറഞ്ഞ് പതിനാറ് ഗുളികകള്‍ നല്‍കി. 

കൊവിഡ് പ്രതിരോധ മരുന്നെന്ന് തെറ്റിധരിപ്പിച്ച് നല്‍കിയതെല്ലാം വിഷഗുളിക. രാത്രി കിടക്കുന്നിന് മുമ്പ് മൂന്നെണ്ണം വീതം കഴിക്കാനാണ് പറഞ്ഞത്. ഗുളിക കഴിച്ച് മിനിറ്റുകള്‍ക്കകം ഗൗണ്ടറും കുടുംബവും അബോധാവസ്ഥയിലായി. രാവിലെ ജോലിക്കാരെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപയിലെത്തും മുമ്പേ നല് പേരും മരിച്ചിരുന്നു. 

ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതോടെയാണ് പൊലീസ് വിശദ പരിശോധന നടത്തിയത്. തലേ ദിവസം വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വ്യാജ ആരോഗ്യപ്രവര്‍ത്തകരെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ തട്ടിപ്പ് പുറത്തായി. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി പതിനഞ്ച് ദിവസത്തെ ജുഡീഷ്യല്‍ ക്സറ്റഡിയില്‍ വിട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios