മുസാഫര്‍നഗര്‍: പെണ്‍കുട്ടിയെ ഏറെ നാളായി ശല്യപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിനെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തതായും ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഖര്‍വാര വില്ലേജില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഏറെ നാളായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയും ഉപദ്രവിച്ചും ബുദ്ധിമുട്ടിച്ചിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ പങ്കജിനെ (23) പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

സ്വാമി കല്യാണ്‍ദേവ് കോളജിലെ വിദ്യാര്‍ഥിയായിരുന്നു പങ്കജ്. ഹര്‍സൗലി വില്ലേജിലെ വനപ്രദേശത്ത് നിന്നാണ് പങ്കജിന്‍റെ മൃതദേഹം ലഭിച്ചതെന്ന് മുസാഫര്‍നഗര്‍ സീനിയര്‍ സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു. അറസ്റ്റ് ചെയ്ത പിതാവും മകനും കുറ്റം സമ്മതിച്ചതായും എസ്എസ്പി കൂട്ടിച്ചേര്‍ത്തു. ഖവാര്‍ പാല്‍, മകന്‍ മോനു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സോനു എന്ന സുഹൃത്തിനൊപ്പമാണ് ശനിയാഴ്ച പങ്കജ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് ഒരു ഫോണ്‍ കോള്‍ വന്നതിന് പങ്കജ് സോനുവിനോട് മടങ്ങാന്‍ പറഞ്ഞതായാണ് മൊഴി ലഭിച്ചിരിക്കുന്നത്.

താന്‍ പിന്നീട് എത്തിക്കോളാമെന്ന് പറഞ്ഞാണ് പങ്കജ് സോനുവിനെ മടക്കിയത്. എന്നാല്‍, രാത്രി വൈകിയും പങ്കജ് മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സോനുവും പങ്കജും പിരിഞ്ഞ സ്ഥലത്ത് വച്ച് രക്തപ്പാടുകള്‍ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് മൃതദേഹം വനപ്രദേശത്ത് നിന്ന് കണ്ടെത്തിയത്.