കുറക്കോട് സ്വദേശിയെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം: കൊല്ലം ചിതറയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകന്റെ മുഖത്തടിച്ചു പരുക്കേൽപിച്ച കേസിൽ അച്ഛൻ പിടിയിൽ. കുറക്കോട് സ്വദേശിയെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് പതിനൊന്നുകാരനെ വര്‍ക് ഷോപ്പ് ജീവനക്കാരനായ അച്ഛൻ ക്രൂരമായി മര്‍ദ്ദിച്ചത്. ഉറക്കത്തിൽ നിന്നും എണിക്കാൻ വൈകിയതിനാണ് വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചത്. അടിയേറ്റ് വീണ പതിനൊന്നുകാരനെ കടയക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ കണ്ണിന് സമീപം സാരമായി പരിക്കേൽക്കുകയും ചുണ്ട് പൊട്ടുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.

പ്രതി നിരന്തരം പതിനൊന്നുകാരനെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരന്തര വഴക്ക് കാരണം ഇയാളുടെ ഭാര്യ നേരത്തെ ഉപേക്ഷിച്ചു പോയിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.