മദ്യലഹരിയിലെത്തിയ അച്ഛന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായി. പൊലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
കാസര്‍കോട്: കാസര്‍കോട് അയ്യങ്കാവില്‍ പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. 12 വയസുകാരിയെയാണ് അച്ഛൻ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പെൺകുട്ടിയുടെ അച്ഛനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയിലെത്തിയ അച്ഛന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായി. പൊലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടി ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Also Read: പാലക്കാട് വൻ മയക്കുമരുന്ന് വേട്ട; 10 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി
കഴക്കൂട്ടത്ത് മദ്യലഹരിയിൽ അനിയൻ ചേട്ടനെ കുത്തിക്കൊന്നു
തിരുവനന്തപുരം കഴക്കൂട്ടത്ത് സഹോദരന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് അനുജന്റെ കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ പുല്ലാട്ടുകരി ലക്ഷം വീട്ടിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന രാജ വാക്കുതർക്കത്തിനിടെ ജേഷ്ഠനായ രാജുവിനെ അനുജന്‍ കത്തി കൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു.
നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ രാജു വീടിന് മുന്നിൽ കുഴഞ്ഞ് വീണു. രാജുവിന്‍റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് രാജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തില്‍ കേസെടുത്ത കഴക്കൂട്ടം പൊലീസ് സഹോദരൻ രാജയെ കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് സിഐടിയു ചുമട്ട് തൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു. ഓട്ടോ ഡ്രൈവറാണ് പ്രതി രാജ. ഇരുവരും മദ്യപിച്ച് വഴക്കടിക്കുന്നത് പതിവായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
