5 കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത് പ്ലാറ്റ്ഫോമിൽ നിന്ന്. ഇടുക്കി സ്വദേശികൾ അറസ്റ്റിൽ

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. 5 കിലോ 300 ഗ്രാം ഹാഷിഷ് ഓയിൽ റെയിൽവേ സംരക്ഷണ സേനയും (RPF)എക്സൈസും ചേർന്ന് പിടികൂടി. വിപണിയിൽ 10 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തിൽ ഇടുക്കി, കണ്ണൂ‍ർ സ്വദേശികളായ രണ്ടു പേരെ പിടികൂടിയിട്ടുണ്ട്.

ഒലവക്കോടുള്ള പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയോടെയാണ് വൻ ഹാഷിഷ് ഓയിൽ ശേഖരം പിടികൂടിയത്. പാലക്കാട് എക്സൈസ് സ്ക്വാഡും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്ലാറ്റ്ഫോമിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ, കണ്ണൂ‍ർ കേളകം സ്വദേശി ആൽബിൻ ഏലിയാസ് എന്നിവരിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ഇരുവരും കാരിയർമാരാണെന്ന് ആർപിഎഫ് അറിയിച്ചു. 

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയിൽ വാങ്ങി ട്രെയിൻ മാർഗ്ഗം കൊച്ചിയിൽ എത്തിച്ച് അവിടെ നിന്നും വിമാനമാർഗ്ഗം മലേഷ്യ, മാലിദ്വീപ്, സിംഗപ്പൂർ, ദുബായ് എന്നീ വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികൾ ആണ് ഇവരെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭ്യമായ വിവരം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരിശോധന കർശനമാക്കുമെന്നും മയക്കുമരുന്ന് ട്രെയിൻ മാർഗ്ഗം കടത്തുന്നവരെ പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും ആർപിഎഫ് കമാൻഡന്റ് ജെതിൻ. ബി.രാജ് അറിയിച്ചു. 

ഈ വർഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടയാണ് പാലക്കാട്ടിലേതെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ്-ആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പുല്‍പ്പള്ളിയില്‍ എംഡിഎംഎയും മാനന്തവാടിയില്‍ കഞ്ചാവും പിടികൂടി; 64 കാരൻ ഉൾപ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

വയനാട്ടില്‍ രണ്ട് സംഭവങ്ങളിലായി എംഡിഎംഎയും കഞ്ചാവും പിടികൂടി. രണ്ട് യുവാക്കളും വൃദ്ധനുമടക്കം മൂന്നുപേര്‍ പിടിയിലായി. പുല്‍പ്പള്ളി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. 0.960 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ കോഴിക്കോട് പെരുവണ്ണാമൂഴി വാളേരിക്കണ്ടി ഹൗസില്‍ അശ്വന്ത് (23), കണ്ണൂര്‍ പയ്യാവൂര്‍ നെടുമറ്റത്തില്‍ ഹൗസില്‍ ജെറിന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് നിയമ പ്രകാരം കേസ് ജിസ്റ്റര്‍ ചെയ്തു. 

മാനന്തവാടി എസ്ഐ രാംജിത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടി നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് 250 ഗ്രാം കഞ്ചാവുമായി അറുപത്തിനാലുകാരനായ മാനന്തവാടി നിരപ്പുകണ്ടത്തില്‍ വീട്ടില്‍ വര്‍ഗീസ് എന്നയാളെ പിടികൂടിയത്. ഇയാള്‍ കഞ്ചാവ് ചില്ലറയായി വില്‍പ്പന നടത്തുന്ന സംഘത്തിലുള്‍പ്പെട്ടതാണ്.

Read Also ലഹരിയുടെ 'ന്യൂജെന്‍ വഴി':ഫോർട്ടുകൊച്ചിയിൽ വ്ളോഗറുടെ അറസ്റ്റോടെ പുറത്തുവരുന്നത്