മുംബൈ: യുവതിയുടെ തലയില്ലാത്ത മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. സിസിടിവി പരിശോധിച്ച പൊലീസ് തിങ്കളാഴ്ചയാണ് യുവതിയുടെ പിതാവിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. അന്ധേരിയിലെ ലോജിസ്റ്റിക്സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന 47കാരനായ അരവിന്ദ് തിവാരിയാണ് അറസ്റ്റിലായത്. 

22കാരിയായ യുവതി ഒരാളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അരവിന്ദ് തിവാരി തയ്യാറായില്ല. പ്രണയം ഉപേക്ഷിക്കണമെന്ന നിര്‍ബന്ധത്തിന്  വഴങ്ങാതായതോടെ മകളെ കൊലപ്പെടുത്തി മൂന്ന് കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

മുംബൈ കല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.  സവാരിക്കായി ഓട്ടോറിക്ഷ വിളിച്ച യാത്രക്കാരന്റെ ബാഗിൽനിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഓട്ടോ ഡ്രൈവർ ബാഗിൽ എന്താണെന്ന് ചോദിച്ചു. ഇതോടെ ബാഗ് അവിടെ തന്നെ  ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനിടെ സിസിടിവി പരിശോധിച്ചപ്പോള്‍ പിതാവാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.