തിരുവനന്തപുരം: പിഞ്ചു കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ് 40 ദിവസം പ്രായമായ കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഇയാൾ അറസ്റ്റിലാണ്. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നുരാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. 

ഇതേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ 

ഉണ്ണികൃഷ്ണൻ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. വിവാഹവാഗ്ദാനത്തിൽ നിന്നും പിൻമാറിയതിനെത്തുടർന്ന് ഇവർ  ഉണ്ണികൃഷ്ണനെതിരെ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് ഇടപെട്ടു, വിവാഹം കഴിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ സ്ത്രീ പ്രതിക്കെതിരായ  പരാതി പിൻവലിച്ചു. തുടർന്ന് ഇരുവരും നെടുമങ്ങാട് താമസിച്ചു വരികയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസമാണ് ഇവർക്ക് ഒരു കുഞ്ഞു ജനിച്ചത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ നൂല്കെട്ട് ചടങ്ങ്.  

അതിന് ശേഷം കുഞ്ഞിനെ സ്വന്തം അമ്മയെ കാണിക്കണമെന്ന് പറഞ്ഞ്  ഉണ്ണികൃഷ്ണൻ കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നെന്നാണ് വിവരം. കുട്ടിയെ കാണാതായതോടെ സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുലർച്ച 2.30ക്ക് കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും കണെത്തിയത്.