തിരുവനന്തപുരം: മാറനല്ലൂരിൽ 9 വയസുകാരനായ  മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു.  വ്യവസായ വകുപ്പിലെ ജീവനക്കാരനായ സലീമാണ്  മകൻ ആഷ്‍ലിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ചത്. രാവിലെ ഭക്ഷണവുമായി വന്ന സലീമിന്‍റെ സഹോദരിയാണ് ഇരുവരും മരിച്ച നിലയിൽ കണ്ടത്. മകൻ ആഷ്‍ലിനെ കിടപ്പുമുറിയിൽ മരിച്ച നിലയിലും സലീമിനെ അടുക്കളക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

ആഷ്‍ലിനെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം സലീം തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സലീമിന്‍റെ കൈഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. മൂന്ന് വിവാഹം കഴിച്ച സലീമിന്‍റെ ആദ്യ ഭാര്യയിലെ മകനാണ് ആഷ്‍ലിൻ. മൂന്നാമത് വിവാഹം കഴിച്ച ഭാര്യയും പിണങ്ങിപോയതിലുള്ള നിരാശയായിരിക്കാം സലീമിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു