കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്താൻ യുപി സർക്കാർ നിർദ്ദേശിച്ചു.
ഹാഥ്റാസ്: ഹാഥ്റാസിൽ മകളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. കേസില്‍ 2018ല്‍ ജയിലില്‍ ആയ പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു. ദില്ലിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഹാഥ്റാസില്‍ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തില്‍ ഗൌരവ് ശർമ്മ എന്നയാള്‍ പൊലീസ് പിടിയിലായി. രണ്ട് വർഷം മുൻപ് കൊല്ലപ്പെട്ടയാള്‍ നൽകിയ പരാതിയെ തുടർന്ന് പലതവണ ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിന് മുന്നിൽ നിലവിളിച്ച് കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്താൻ യുപി സർക്കാർ നിർദ്ദേശിച്ചു. ജൂലൈ 2018ല്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജയിലിലായ ഇയാള്‍ ഒരുമാസത്തിനുള്ളില്‍ ജാമ്യം നേടിയിരുന്നു.
ഇതിന് പിന്നാലെ ഇരു കുടുംബങ്ങളും തമ്മില്‍ ശത്രുതയിലായിരുന്നു. കഴിഞ്ഞ ദിവസം ഗൌരവ് ശര്‍മ്മയുടെ ബന്ധുവും ഭാര്യയും ക്ഷേത്രത്തിലെത്തിയ സമയം കൊല്ലപ്പെട്ടയാളുടെ പെണ്‍മക്കളും ക്ഷേത്രത്തിലുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതില്‍ ഇടപെടുന്നതിനിടയിലാണ് ഗൌരവ് ശര്‍മ്മ ഇയാളെ വെടിവച്ചതെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്.
