ദില്ലി: ക്രൂരമായി ലെെംഗിക പീഡനമേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു. ശരീരത്തിന്‍റെ 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

ഏകദേശം 20 വയസ് മാത്രം പ്രായമുള്ള യുവതി ചെറിയ പ്രായത്തില്‍ തന്നെ വിധവയായിരുന്നു. ഇതോടെ പിതാവും ബന്ധുവും ചേര്‍ന്ന് 10,000 രൂപയ്ക്ക് ഒരാള്‍ക്ക് വിറ്റു. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് തുടര്‍ച്ചയായി യുവതിയെ ക്രൂരമായ ലെെംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയെ വാങ്ങിയ ആള്‍ വായ്പയായി പണം കെെെപ്പറ്റിയ ശേഷം ചിലര്‍ക്ക് അത് തിരിച്ച് കൊടുക്കാനുണ്ടായിരുന്നു. ഇവര്‍ക്ക് വീട്ടുജോലികള്‍ ചെയ്യാന്‍ യുവതിയെ നല്‍കി. ഇവിടെയും കൂട്ടബലാത്സംഗത്തിന് യുവതിക്ക് ഇരയാവേണ്ടി വന്നു. തുടര്‍ന്ന് പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.

ഇതോടെ ദില്ലി വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മല്ലിവാളിനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹാപൂര്‍ എസ്പി കേസ് എടുക്കാന്‍ വിമുഖത കാണിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി കത്തെഴുതി. തുടര്‍ന്ന് ഏപ്രില്‍ 28നാണ് സ്വയം തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തത്. ഇതിന് ശേഷമാണ് 14 പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായത്.