കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദ്ദനം. അച്ഛന്‍റെ ഇരു ചെകിടത്തും മാറി മാറി മര്‍ദിച്ച പൊലീസുകാര്‍ മകന്‍റെ വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചു. 

കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദ്ദനം. അച്ഛന്‍റെ ഇരു ചെകിടത്തും മാറി മാറി മര്‍ദിച്ച പൊലീസുകാര്‍ മകന്‍റെ വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചു. അപകടത്തില്‍ പെട്ട വാഹനം പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടുകിട്ടാന്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു പട്ടികജാതിക്കാരായ അച്ഛനും മകനും നേരെയുളള പൊലീസ് ക്രൂരത.

തൃക്കണ്ണമംഗല്‍ സ്വദേശി ശശിയും മകന്‍ ശരത്തുമാണ് കൊട്ടാരക്കര പൊലീസിന്‍റെ ക്രൂരതയ്ക്ക് ഇരകളായത്. അപകടത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനം വിട്ടുകൊടുക്കാന്‍ പൊലീസ് തയാറായില്ല. ശശിയെ മർദ്ദിക്കാനും ശ്രമിച്ചു. ശശിക്കു നേരെയുളള പൊലീസിന്‍റെ മർദ്ദന ശ്രമം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെ ഇരുവരെയും പൊലീസ് കൈകാര്യം ചെയ്യുകയായിരുന്നു.

ശശിയുടെ ഇരു ചെകിടത്തും മാറി മാറി മര്‍ദ്ദിച്ച പൊലീസ് ശരത്തിന്‍റെ വൃഷ്ണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചു. മൂത്ര തടസമടക്കം നേരിട്ടതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ് ശരത്. അനില്‍ എന്ന സിവില്‍ പൊലീസ് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ശശിയും ശരതും പറഞ്ഞു. 

പൊതുപ്രവര്‍ത്തകര്‍ എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. മര്‍ദനം നടന്നിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും ഉന്തും തളളും ഉണ്ടായതായി കൊട്ടാരക്കര പൊലീസ് സമ്മതിക്കുന്നുണ്ട്. മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദക്ഷിണ മേഖല ഐജിക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.